1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2011


കോട്ടയം അതിരൂപതയുടെ ഒരുവര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന് വിശ്വാസക്കൂട്ടായ്മയുടെ സാന്നിദ്ധ്യത്തില്‍ തിരിതെളിഞ്ഞു. പാരമ്പര്യവും തനിമയും വിളിച്ചോതി, നാഗമ്പടം മൈതാനത്ത്, പതിനായിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാപനാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിശ്വാസവും പാരമ്പര്യത്തനിമയും നിലനിര്‍ത്തി സമൂഹത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ചെയ്ത സേവനങ്ങളാണ് ക്‌നാനായ സമുദായത്തെ ഉന്നതമായ പദവിയിലെത്തിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിലും മറ്റ് സാമൂഹിക പ്രതിബദ്ധതയുള്ള മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ സമുദായത്തിന് കഴിഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ ഐക്യമാണ് ഒരുവര്‍ഷത്തെ ചടങ്ങുകളില്‍ പ്രതിഫലിച്ചത്. അത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹനന്മയ്ക്കും നാടിന്റെ ഉയര്‍ച്ചയ്ക്കും ഇത്തരം പ്രവൃത്തികള്‍ വഴികാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാന്‍ സ്ഥാനപതി ഡോ.സാല്‍വത്തോറെ പെന്നാക്കിയോ, ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ വചനസന്ദേശം വേദിയില്‍ വായിച്ചു. ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണവും അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുഗ്രഹപ്രഭാഷണവും നടത്തി.

തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ചങ്ങനാശ്ശേരി മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ജില്ലാ കളക്ടര്‍ മിനി ആന്റണി, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, കെ.സി.വൈ.എല്‍. പ്രസിഡന്റ് ജേക്കബ് വാണിയംപുരയിടത്തില്‍, അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.

ഘോഷയാത്രയോടെയാണ് സമാപന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ബസേലിയോസ് കോളേജ് അങ്കണത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിജയപുരം രൂപതാ ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. 29ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. 30ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുഖ്യാതിഥിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.