1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2015

ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കിംഗ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെ മാവോയിസ്റ്റുകള്‍ നോട്ടമിടുന്നതായി റിപ്പോര്‍ട്ട്. നിസാമിനെ പഴയകാല നക്‌സലുകളുടെ മാതൃകയില്‍ ജനകീയ വിചാരണ നടത്തി ശിക്ഷ വിധിക്കാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

കൊല്ലപ്പെട്ട ചന്ദ്രബോസിനോടുള്ള പൊതുജനങ്ങളുടെ സഹതാപവും നിസാമിനോടുള്ള അമര്‍ഷവും രാഷ്ട്രീയമായി മുതലെടുക്കാനാണ് മാവോയിസ്റ്റുകളുടെ ഉദ്ദേശമെന്നാണ് സൂചന. ഉന്നതന്മാരുമായി നിസാമിന് അടുത്ത ബന്ധമുള്ളതിനാല്‍ അയാള്‍ക്ക് മതിയായ ശിക്ഷ ലഭിക്കില്ലെന്ന ധാരണയും ഇതിനു പുറകിലുണ്ടെന്ന് വാര്‍ത്തകളുണ്ട്.

നിസാമിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവാണ് നിരവധി കേസുകളില്‍ പ്രതിയായിട്ടും ശിക്ഷിക്കപ്പെടാതെ പോയത്. നിസാമിനെ നേരിട്ട് അക്രമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ശോഭ സിറ്റിയിലെ വീടുള്‍പ്പടെയുള്ള സ്വത്തുക്കള്‍ക്ക് നേരെ അക്രമണം നടത്താനും മാവോയിസ്റ്റുകള്‍ക്ക് പദ്ധത്യുണ്ടെന്നാണ് സൂചനകള്‍. നിസാമിനെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് വാര്‍ത്തയില്‍ പറയുന്നു.

അതിനിടെ നിസാമിനെ രക്ഷപ്പെടുത്താനുള്ള പോലീസിന്റെ ശ്രമങ്ങള്‍ പുറത്തു വന്നതോടെ മുഖം രക്ഷിക്കനുള്ള ശ്രമത്തിലാണ് ആഭ്യന്തര വകുപ്പ്. പൊതുജന വികാരം എതിരായതോടെ അന്വേഷണ സംഘത്തെ മാറ്റുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കേസില്‍ പോലീസ് നിസാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണ ശക്തമായതോടെ പൊതുജന രോഷം നിസാമിന് തീര്‍ത്തും എതിരായിരിക്കുകയാണ്. മറ്റു കേസുകളില്‍ നിന്ന് ഊരിപ്പോന്നതു പോലെ ഈ കേസില്‍ നിന്ന് നിസാമിനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.