ബിഹാര്‍ മുഖ്യമന്ത്രിയായി ജനതാദള്‍ യുണൈറ്റൈഡ് നേതാവ് നിതീഷ് കുമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഞായറാഴ്ച വൈകുന്നേരമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവച്ചതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. വെള്ളിയാഴ്ച രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച നിതീഷ് കുമാര്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള തന്റെ പാര്‍ട്ടിയുടെ സന്നദ്ധത അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ്, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് 11 ന് നിതീഷ് കുമാറിന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടേണ്ടി വരും.
നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതൃക പിന്തുടര്‍ന്ന് രാജിവച്ചതിന് നിതീഷ് കുമാര്‍ ജനങ്ങളോട് മാപ്പു ചോദിച്ചിരുന്നു. രാജിവക്കാനെടുത്ത തീരുമാനം വൈകാരികമായി പോയെന്ന് നിതീഷ് കുമാര്‍ ഏറ്റുപറഞ്ഞു.
2014 ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ജനതാദളിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രി കസേരയില്‍ നിതീഷ് കുമാറിന്റെ നാലാം ഊഴമാണിത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല