പ്രേതബാധയുണ്ടെന്ന
പ്രചാരണത്തെ തുടര്‍ന്ന് മൈസൂര്‍ ഫസ്റ്റ് ക്ലാസ് കോടതി അടിച്ചിട്ട നടപടി വിവാദമാകുന്നു. ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ മുറിയാണ് പ്രേതബാധയുണ്ടെന്ന് കാരണം പറഞ്ഞ കഴിഞ്ഞ ഒമ്പതു മാസമായി അടച്ചിട്ടിരിക്കുന്നത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി രുദ്രമുനി കഴിഞ്ഞ വര്‍ഷം മേയില്‍ തിരുപ്പതിയില്‍ വച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന മുറിയില്‍ പ്രേതബാധയുണ്ടെന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.
പലരും രുദ്രമുനിയുടെ പ്രേതത്തെ നേരില്‍ കണ്ടെന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു. താന്‍ ഏറെക്കാലം ജോലിചെയ്ത, വാദം കേള്‍ക്കുകയും വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്ത കോടതി മുറി വിട്ടു പോകാന്‍ രുദ്രമുനിയുടെ ആത്മാവിന് മനസില്ല എന്നായിരുന്നു പ്രേതത്തെ നേരില്‍ കണ്ടവരുടെ വാദം.
പൂജ നടത്തി ബാധ ഒഴിപ്പിച്ച ശേഷം മാത്രമേ മുറി ഉപയോഗിക്കാവൂ എന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തെത്തി. സംഭവം വാദകോലാഹലത്തിലേക്ക് നീങ്ങിയതോടെ അധികൃതര്‍ മുറി അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
അതിനു ശേഷം പുതിയ ജഡ്കിയെ ഇതുവരെ നിയമിച്ചതുമില്ല. ഇതിനെ തുടര്‍ന്നാണ് ഒരു വിഭാഗം അഭിഭാഷകര്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന് പരാതി നല്‍കിയത്. അടച്ചിട്ട മുറിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ കാവല്‍ക്കാര്‍ തടഞ്ഞത് പുതിയ വിവാദത്തിന് തിരി കൊളുത്തുകയും ചെയ്തു.
2014 മേയ് മുതല്‍ അടച്ചിട്ടിരിക്കുന്ന കോടതി മുറി ഉപേക്ഷിച്ച മേശകളും കസേരകളും കടലാസുകളും തള്ളാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല