ദേശീയ ഗെയിംസിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് സർക്കാരിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് നടൻ മോഹൻലാൽ. ലാലിന്റെ സംഗീത ബാന്റായ ലാലിസം ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന് രണ്ടു കോടി രൂപ പ്രതിഫലം വാങ്ങിയത് വിവാദമായിരുന്നു.
കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മാധ്യമങ്ങൽക്കും അയച്ച ഇമെയിൽ സന്ദേശത്തിലാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയും കായികമന്ത്രിയും ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ ദേശീയ ഗെയിംസ് ചടങ്ങുകളുടെ ഭാഗമായതെന്ന് ലാൽ വ്യക്തമാകുന്നു.
ഉദ്ഘാടന ചടങ്ങിൽ നടത്താനിരുന്ന ഒരു സംഗീത വിരുന്ന് അവസാന നിമിഷം നടക്കാതായപ്പോഴാണ് അധികാരികൾ തന്നെ ലാലിസത്തിനുവേണ്ടി സമീപിച്ചത്. തുടർന്ന് കുഞ്ഞാലി മരക്കാരെക്കുറിച്ചുള്ള ഒരു പരിപാടിയിൽ കൂടി പങ്കെടുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. പ്രതിഫലം ഒന്നും കൈപറ്റാതെ ആയിരുന്നു ഇത്.
ലാലിസത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാൻ ആവശ്യമായ ഒരു കോടി അറുപത് ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകിയത്. അത് പരിപാടിയുടെ നടത്തിപ്പിനുള്ള ചെലവു മാത്രമാണെന്നും പ്രതിഫലമല്ലെന്നും ലാൽ വ്യക്തമാക്കി.
നല്ല ഉദ്ദേശത്തോടെ ചെയ്ത ഒരു കാര്യത്തെ വിവാദമാക്കിയത് തന്നെ വേദനിപ്പിച്ചുവെന്നും കത്തിൽ പറയുന്നു. തന്റെ പേര് ഇനി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ഇതുവരെ ചെലവായ മുഴുവൻ തുകയും സർക്കാരിലേക്ക് തിരിച്ചേൽപ്പിക്കുന്നു എന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
നേരത്തെ സംവിധായകൻ വിനയൻ ഉൾപ്പടെയുള്ളവർ ലാലിസത്തിന് രണ്ടു കോടി നൽകുന്നതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് പാട്ടുകളുടെ തെരെഞ്ഞെടുപ്പിന്റെ പേരിലും മോശം അവതരണത്തിന്റെ പേരിലും ലാലിസം സോഷ്യൽ മീഡിയകളിൽ രൂക്ഷമായി വിമർശിക്കപ്പെടുകയും ചെയ്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല