ശോഭസിറ്റി സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ പ്രമുഖ അഭിഭാഷകനെ ഇറക്കാന്‍ നീക്കം. മുന്‍ എംപിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് നീക്കത്തിനു പിന്നിലെന്ന് കേരളകൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഹൈക്കോടതി നിസാമിന്റെ അടുത്ത ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം അഭിഭാഷകനെ കോടതിയില്‍ ഹാജരാക്കാനാണ് പദ്ധതി. നിസാമിനെതിരെ നേരത്തെ ചുമത്തപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍പ്പായതിനാല്‍ കാപ്പ ചുമത്താന്‍ കഴിയില്ലെന്ന വാദം ഉയര്‍ത്താനാണ് നിസാമിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ പ്രകുഖരുടെ ഉദ്ദേശം.
വമ്പന്മാരായ അഭിഭാഷകരുടെ ഒരു പടതന്നെ നിസാമിനു വേണ്ടി ഇപ്പോള്‍ രംഗത്തുണ്ട്. അവരില്‍ പലരും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹാജരാകുന്നവരാണ്. അതിനു പുറമെയാണ് മണിക്കൂറുകള്‍ക്ക് വന്‍തുക പ്രതിഫലം വാങ്ങുന്ന നക്ഷത്ര അഭിഭാഷകനെ ഇറക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നത്.
കോണ്‍ഗ്രസുകാരനായ മുന്‍ എംപി ഡല്‍ഹിയില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ എംഎല്‍എ അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി വാര്‍ത്തയില്‍ പറയുന്നു. തൃശൂരിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും നിസാമുമായി നല്ല ബന്ധമാണെങ്കിലും ജനരോഷം ഭയന്ന് നീക്കങ്ങളെല്ലാം അണിയറയിലാണ് നടക്കുന്നത്.
നേരത്തെ വാഹന പരിശോധനക്ക് കാര്‍ തടഞ്ഞ വനിതാ എസ്‌ഐയെ നിസാം കാറിനുള്ളില്‍ പൂട്ടിയിട്ട കേസില്‍ നിസാമിനെ രക്ഷിക്കാന്‍ ഓടിയെത്തിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവാണ്. പണം വാരിയെറിഞ്ഞും ഉന്നതരുടെ കൈയയച്ച സഹായം കൊണ്ടും ശോഭാസിറ്റി വധക്കേസ് എങ്ങുമെത്താതെ അവസാനിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല