1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2015

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിക്കടി ഫീസ് വര്‍ദ്ധനയുണ്ടാകുന്നെന്ന മാതാപിതാക്കളുടെ പരാതികള്‍ക്കിടയില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വീണ്ടും ഫീസ് ഉയര്‍ത്തി. പ്രാദേശിക സ്‌കൂളുകളും അന്താരാഷ്ട്ര സ്‌കൂളുകളും ഫീസില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം പ്രാദേശിക സ്‌കൂളിലെ പ്രൈമറി ലെവലില്‍ 22,000 സൗദി റിയാലും ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ 30,000 സൗറി റിയാലുമാണ് ഫീസ്.

സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മാതാപിതാക്കളെ കൊള്ളയടിക്കുകയാണെന്നും പണത്തോട് ആര്‍ത്തിയാണെന്നും സൗദി സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതിനെ തടയുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഒന്നും ചെയ്യുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

സ്‌കൂളുകളിലെ ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളും മികച്ച പഠനാന്തരീക്ഷവും ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതെങ്കിലും അത്ര മികച്ച നിലവാരത്തില്‍ അല്ല സ്‌കൂളുകള്‍ ഒരുക്കുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പലപ്പോഴും അഭാവമുണ്ട്. എസി ഉള്‍പ്പെടെയുള്ളവയൊന്നും മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ല – തുടങ്ങിയ പരാതികളും മാതാപിതാക്കള്‍ ഉന്നയിക്കാറുണ്ട്.

മിനിസ്ട്രി ഓഫ് എഡ്യുക്കേഷന് കീഴിലുള്ള പ്രിന്‍സിപ്പല്‍ കമ്മറ്റി സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ട്യൂഷന്‍ ഫീ രജിസ്റ്റര്‍ ചെയ്യണമെന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് ഫീസ് ഉയര്‍ത്താന്‍ പാടില്ലെന്നും ഈ സര്‍ക്കുലറില്‍ പറയുന്നുണ്ട്. കമ്മീഷന്റെ അനുവാദമില്ലാതെ നടപ്പാക്കുന്ന ഫീസ് വര്‍ദ്ധനവ് നിയമവിരുദ്ധമാണെന്നും ഇത്തരം സ്‌കൂളുകള്‍ക്ക് നേരെ നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേസമയം ഫീസ് വര്‍ദ്ധനവിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ചെലവുകള്‍ വര്‍ദ്ധിക്കുകയാണെന്നാണ് ഇവരുടെ വാദം. 3000 സൗദി റിയാലായിരുന്ന അധ്യാപകരുടെ ശമ്പളം ഇപ്പോള്‍ 6000 സൗദി റിയാലാണ്. സ്‌കൂളിന്റെ വൃത്തിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കാത്ത് സൂക്ഷിക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.