സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇന്‍ബോക്സിലെ സ്വകാര്യ സന്ദേശങ്ങള്ങ്ങളായും ഫോട്ടോകള്‍ക്കു താഴെ കമന്റുകളായും അശ്ലീല സന്ദേശങ്ങള്‍ വിതറി സായൂജ്യമടയുന്നവര്‍ സൂക്ഷിക്കുക. ഇരകളില്‍ നിന്ന് മറുപടിയായി കിട്ടുന്ന ഒരൊറ്റ മെസേജ് മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍. ചാറ്റില്‍ അശ്ലീല സന്ദേശം അയച്ചയാളെ ഒരൊറ്റ മെസേജുകൊണ്ട് ഒരു പാഠം പഠിപ്പിച്ച യുവതി ശ്രദ്ധേയയാകുകയാണ്.
അശ്ലീലം പറയാനെത്തിയയാള്‍ യുവതിയുടെ സന്ദേശം വായിച്ച് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് പറപറക്കുകയായിരുന്നു. പ്രേരണ പ്രഥാം സിംങ് എന്ന യുവതിയാണ് സാധാരണ പെണ്‍കുട്ടികള്‍ അവഗണിക്കാറുള്ള ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ശ്രദ്ധേയയായത്. റോഷന് കുമാര്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നു വന്ന അശ്ലീല സന്ദേശങ്ങള്‍ക്കാണ് പ്രേരണ ഒരൊറ്റ സന്ദേശം കൊണ്ട് അറുതി വരുത്തിയത്.
റോഷന് കുമാറിന്റെ ഭാര്യയോട് അന്വേഷണം പറയണമെന്ന് പറഞ്ഞാണ് യുവതിയുടെ സന്ദേശം ആരംഭിക്കുന്നത്. ഞാന്‍ പെണ്ണാണോ അല്ലയോ എന്ന ചോദ്യം നിങ്ങള്‍ ചോദിച്ചതില്‍ സന്തോഷമുണ്ട്. സത്യത്തില്‍ ഇതേ സംശയം എനിക്കുമുണ്ട്. ഒരു കാര്യം പറയട്ടെ, നിങ്ങളെ പോലുള്ള ആളുകളെ ഫേസ്ബുക്കില്‍ മാത്രമല്ല പലയിടത്തും കാണാറുണ്ട്. അവരെ അവരുടെ വഴിക്ക് വിടുകയാണ് പതിവ്. എനിക്ക് തെറ്റിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു.
എന്തായാലും നിങ്ങളെ പൊതുജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ലൈംഗികതക്കോ ശ്രദ്ധകിട്ടാനോ അല്ല ഫേസ്ബുക്കിലെത്തുന്നത്. എന്തായാലും ഉടന്‍ തന്നെ നിങ്ങള്‍ക്ക് പേരും പ്രശസ്തിയും ലഭിക്കാന്‍ പോകുന്നു. പോലീസ് നടപടിക്കും ഫേസ്ബുക്ക് വിചാരണക്കും തയ്യാറായിക്കോളൂ. ഞാന്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എന്റെ പക്കലുണ്ട്.
എങ്കിലും നിങ്ങളുടെ ഭാര്യയോട് എനിക്ക് സഹതാപമുണ്ട്. എല്ലാകൊണ്ടും പ്രശസ്തിയിലെത്താന്‍ ഒരുങ്ങിക്കോളൂ. എന്നിങ്ങനെ പോകുന്നു യുവതിയുടെ സന്ദേശം. ഈ സന്ദേശം ലഭിച്ച ഉടന്‍ തന്നെ റോഷന് കുമാര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. പിന്നീട് ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് യുവതി തന്നെ ഫേസ്ബുക്കിലിട്ടു. ഇതിനകം വൈറലായ ഈ പോസ്റ്റിന് 61,648 ലൈക്കും 8,929 ലേറെ ഷെയറുകളും ലഭിച്ചു കഴിഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല