
സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശത്തുള്ള ഷിയാ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ 19 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് 150 ഓളം പേര് പള്ളിക്കകത്തുണ്ടായിരുന്നു. വെള്ളിയാഴ്ച്ച ദിവസം നിസ്ക്കാരം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തു. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ കുറിപ്പിലാണ് ആക്രമണം തങ്ങള്‍ നടത്തിയതാണെന്ന് ഐഎസ് അവകാശവാദം മുഴക്കിയത്.
സൗദിയിലെ ഖാലിഫ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിലെ ഇമാം അലി പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സൗദിയില്‍ ഷിയാ ഭൂരിപക്ഷമുളള പ്രവിശ്യകളിലൊന്നാണ് ഖാലിഫ് പ്രവിശ്യ. ഇവിടെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ സാധാരണമാണ്. യമനില്‍ സൗദി സൈനികമായി ഇടപെടുന്നതിനിടെയാണ് പുതിയ ആക്രമണം.
നേരത്തെ സൗദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഷിയാ പള്ളിക്കു നേരെ ആക്രമണമുണ്ടായെന്നും ഇതില്‍ 19 പേരോളം കൊല്ലപ്പെട്ടെന്നും പറഞ്ഞിരുന്നു. പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സൗദിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല