സൗദി അറേബ്യയില്‍ വീണ്ടും ഷിയാ പള്ളിക്ക് നേരെ ഭീകരാക്രമണം. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച നമസ്ക്കാരത്തിന് തൊട്ടുമുമ്പാണ് സ്ത്രീ വേഷത്തിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ഭീകരന് എത്തിയ കാറും പൊട്ടിത്തെറിച്ചു. രണ്ടാമത്തെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
പര്‍ദ്ദ ധരിച്ചെത്തിയ ചാവേര്‍ പള്ളിയില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പള്ളിയില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദി വന്നതെന്ന് സംശയിക്കുന്ന കാറും പൊട്ടിത്തെറിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് ചാവേര്‍ സ്ഥോടനത്തിന് പിന്നാലെ പൊട്ടിത്തെറിച്ചത്.
ജുമ നമസ്ക്കാരത്തിനിടെ പള്ളിക്കുള്ളില്‍ പൊട്ടിത്തെറിക്കാനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ ആ നീക്കം പരാജയപ്പെടുത്തിയെന്നും സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഖത്തീഫിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് സൗദിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും തുടര്‍ച്ചയായ രണ്ടാമത്തെ വെള്ളിയാഴ്ച്ചയും സ്ഥോടനമുണ്ടായത് സൗദിയിലുള്ള ആളുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല