1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ കണ്ടക ശനിയാണെന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി അണികള്‍. കൊണ്ടേ പോകൂ എന്ന വാശിയിലാണ് ഓരോ ദിവസവും ഓരോ വിവാദങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുന്നത്. വ്യാജ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ ഡല്‍ഹി സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്ന ജിതേന്ദര്‍ സിങ് തോമര്‍ രാജിവച്ചതിന് തൊട്ടുപിന്നാലെ ആദ്യ എഎപി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതിയും പുതിയ വിവാദത്തില്‍ കുടുങ്ങി.

നിലവില്‍ എഎപി എംഎല്‍എയായ സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹികപീഡന കേസു ഫയല്‍ ചെയ്ത് ഭാര്യ ലിപിക ഭാരതി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് സോംനാഥ് ഭാരതിക്കെതിരെ ഇവര്‍ ഡല്‍ഹി വനിതാ കമ്മിഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ, അധികാരമേറ്റതു മുതല്‍ വിവാദങ്ങള്‍ ഒന്നൊന്നായി പിന്തുടരുന്ന ഡല്‍ഹിയിലെ കേജ്‌രിവാള്‍ സര്‍ക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ് എംഎല്‍എക്കെതിരായ ഗാര്‍ഹിക പീഡനാരോപണം.

ഇതുമായി ബന്ധപ്പെട്ട് ലിപികയില്‍ നിന്നും പരാതി ലഭിച്ച കാര്യം വനിതാ കമ്മിഷന്‍ അധ്യക്ഷ ബര്‍ക്ക സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു ജീവിക്കുകയാണ് ലിപികയെന്നും ബര്‍ക്ക സിങ് അറിയിച്ചു. ഇടയ്ക്ക് സോംനാഥ് ഭാരതി ഇവരെ കാണാനെത്താറുണ്ടെന്നും ബര്‍ക്ക സിങ് വ്യക്തമാക്കി.

പരാതിയുമായി ബന്ധപ്പെട്ട് വിശദീകരണം തേടി ഡല്‍ഹി വനിതാ കമ്മിഷന്‍ സോംനാഥ് ഭാരതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 26 ന് മുന്‍പ് വിശദീകരണം നല്‍കാനാണ് നിര്‍ദേശം. തന്നെയും കുട്ടികളെയും മാനസികമായും ശാരീരികമായും വാക്കുക്കള്‍ കൊണ്ടും ഉപദ്രവിക്കുകയാണ് ഭര്‍ത്താവെന്ന് ലിപിക നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നും അദേഹത്തിന്റെ അനുയായികളില്‍നിന്നും തനിക്കും മക്കള്‍ക്കും നേരെ ഭീഷണിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

2010 മുതല്‍ താനും മക്കളും ഭര്‍ത്താവിന്റെ ഉപദ്രവം സഹിച്ചു വരികയാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി ശാന്തമായി ജീവിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് ലിപിക വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ഈ പീഡനത്തിന് അറുതി വരുത്താനാണ് പരാതി നല്‍കുന്നതെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഇത് അവരുടെ വ്യക്തിപരമായ പ്രശ്‌നം മാത്രമാണെന്നായിരുന്നു എഎപി വക്താവിന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.