സ്വന്തം ലേഖകന്‍: കള്ള മാംസ വേട്ടക്കായി ഇറങ്ങിത്തിരിച്ച ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 40 വര്‍ഷം പഴക്കമുള്ള മാംസമാണ് മാംസക്കടത്തുകാരില് നിന്ന് അധികൃതര്‍ പിടികൂടിയത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ കോഴി, പോത്ത്, പന്നി എന്നിവയുടെ ഒരു ലക്ഷം ടണ്‍ മാംസം പിടിച്ചെടുത്തു. ഈ മാംസത്തിന് ഏതാണ്ട് മൂന്ന് ബില്യണ്‍ യുവാന്‍ (ഏകദേശം 3000 കോടിരൂപ) വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പിടികൂടിയവയില്‍ 1970 കളിലെ പന്നിയും 1980 കളിലെ കോഴിയുമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അധികൃതരുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇരുപതിലേറെ വലിയ മാംസകള്ളക്കടത്തു സംഘങ്ങള്‍ സജീവമാണ്. വലിയ തോതിലുള്ള ലാഭമാണ് കള്ളക്കടത്തു സംഘങ്ങളെ മാംസക്കടത്തിലേക്ക് ആകര്‍ഷിക്കുന്നത്. രാജ്യത്തെ 14 പ്രവിശ്യകളിലും നടത്തിയ പരിശോധനയിലാണ് വലിയ തോതില്‍ അനധികൃത മാംസം പിടികൂടിയത്.
കള്ളക്കടത്തുകാര്‍ കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന പഴകിയ മാംസം ആദ്യം ഹോങ്കോങിലാണ് എത്തിക്കുക. തുടര്‍ന്ന് വിയറ്റ്നാം വഴി റോഡുമാര്‍ഗ്ഗം ചൈനയിലെത്തിക്കും. സാമ്പത്തികലാഭത്തിനായി യാതൊരുവിധ ശീതീകരണസൗകര്യങ്ങളുമില്ലാത്ത വാഹനങ്ങളിലാണ് മാംസം കടത്തുക. പിന്നീട് ഇവകൂറ്റന് ശീതീകരണികളിലേക്ക് മാറ്റുകയും വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്.
ജൂണ്‍ ഒന്നിന് നടന്ന പരിശോധനയില്‍ 800 ടണ്ണോളം അഴുകിയ മാംസം പിടികൂടുകയും ഇരുപതോളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പരിശോധന നടത്തിയത്. ചാങ്ഷ നഗരത്തിലെ ഏറ്റവും വലിയ ഇറച്ചി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയിരുന്ന മൂന്നിലൊന്ന് ഇറച്ചിയും ഇത്തരത്തില്‍ പഴക്കമുള്ളതായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വിയറ്റ്നാമില്‍ നിന്നും റോഡ് മാര്‍ഗ്ഗം ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച മാംസമാണ് പിടികൂടിയതില്‍ ഏറെയും. എന്നാല്‍ എവിടെ നിന്നാണ് ഇത്രയേറെ അഴുകിയ മാസം ലഭിക്കുന്നതെന്നോ ഇത്രയുംകാലം എവിടെയാണ് സൂക്ഷിച്ചിരുന്നതെന്നോ അധികൃതര്‍ക്ക് വ്യക്തമാക്കാനായിട്ടില്ല. ചൈനയിലെ റസ്റ്റോറന്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുടങ്ങി ചെറുകിട ഇറച്ചി വില്‍പ്പന ശാലകളില്‍ പോലും ഇത്തരത്തില്‍ ശീതീകരിച്ച അഴുകിയ മാംസം വിറ്റിരുന്നതായാണ് സൂചന.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല