1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2015

 

നായര്‍ കരയോഗ വിപ്ലവം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ വിറ കൊള്ളിക്കുന്നു.

സുകുമാരന്‍ നായര്‍ക്ക് കടുത്ത രാജി സമ്മര്‍ദ്ദം.

ഞാറാഴ്ച പെരുന്നയിലേക്ക് കരയോഗങ്ങളുടെ വന്‍ പ്രതിഷേധ മാര്‍ച്ച്.

സ്വന്തം കരയോഗത്തിലും സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം.

 

പത്തനംതിട്ട:ഭരത് അവാര്‍ഡ് ജേതാവായ മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപിക്കെതിരെ ധിക്കാരപരമായി പെരുമാറിയ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ മുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.സുരേഷ് ഗോപിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട അനവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.ഇതില്‍ ഏറ്റവും ആദ്യം സുകുമാരന്‍ നായര്‍ക്കെതിരെ തുറന്നടിച്ചത് പ്രമുഖ സിനിമാ നാടക താരം അനൂപ് ചന്ദ്രന്‍ ആയിരുന്നു.ഏതായാലും ഭരത് സുരേഷ് ഗോപിക്ക് വേണ്ടി അനൂപ് ചന്ദ്രന്‍ തുടക്കമിട്ട പ്രതിഷേധ സ്വരം എന്‍ എസ് എസ് എന്ന സംഘടനയിലെ സുകുമാരന്‍ നായരുടെ നിലനില്‍പ്പിനെ തന്നെ കടപുഴക്കിയെറിയുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് വേണം ഇപ്പോള്‍ പറയാന്‍.സുരേഷ് ഗോപിയെ മലയാളത്തിലെ സൂപ്പര്‍ താര നിരയിലേക്ക് കുടിയിരുത്തിയ ഭരത് ചന്ദ്രന്‍ എന്ന പോലിസ് കഥാപാത്രം ‘ അനീതിയുടെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് മൃഷ്ട്ടാന്നം ഉണ്ണുന്ന ‘രാഷ്ട്രീയഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കെതിരെ പിടിമുറുക്കി വിജയ ശ്രീലാളിതനായി പരിണമിക്കുന്ന സിനിമാക്കഥ പോലെയായി പെരുന്ന സംഭവം.’ഭരത്’ സുരേഷ് ഗോപിയും അനൂപ് ‘ചന്ദ്രനും’ ഒന്നിച്ചു പിടി മുറുക്കിയപ്പോള്‍ വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് സുകുമാരാന്‍ നായര്‍ പുശ്ചിച്ചു തള്ളിയ പ്രധിഷേധം ചങ്ങനാശ്ശെരിയിലെ സ്വയം പ്രഖ്യാപിത പോപ്പിന്റ്‌റെ അരമന ഇളക്കി മറിക്കുന്ന വന്‍ ജന വികാരം ആയി മാറുകയാണ് ഇപ്പോള്‍ എന്നാണ് സൂചനകള്‍.

വിശദീകരണ പ്രസ്താവന അവഗണിച്ച്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ സംഘടനയുടെ പ്രസിഡന്റിന്റെ കരയോഗവും പ്രമേയം പാസാക്കി. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എന്‍എസ്എസ്സിനെ സ്വകാര്യസ്വത്താക്കിവെക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ പ്രമേയം പാസാക്കല്‍.സംഘടനയില്‍ വമ്പിച്ച ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തുകഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് സംഭവങ്ങള്‍. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍നായരുടെ മാതൃകരയോഗമായ നൂറ്റി പതിനഞ്ചാം നമ്പര്‍ വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം എന്‍എസ്എസ്‌കരയോഗം ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത് എന്നാണ് വിവരം. എന്‍എസ്എസ് ആസ്ഥാനത്തുനിന്നും ചലച്ചിത്രതാരം സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ സമുദായ അംഗങ്ങള്‍ക്കുള്ള പ്രതിഷേധം നാടെങ്ങും വ്യാപകമാവുകയാണ്. ഞാറാഴ്ച(12.07.2015) എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടക്കും. മാര്‍ച്ചില്‍ ആയിരകണക്കിന് സമുദായ അംഗങ്ങള്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി പുംഗനാണെന്നും യൂദാസാണെന്നും ഇതര സമുദായങ്ങളുടെ കുഴലൂത്തുകാരനാണെന്നും സമുദായത്തിന് അപമാനമാണെന്നും വിവിധ കരയോഗങ്ങള്‍ പ്രമേയത്തിലൂടെ പറയുന്നു. എന്‍എസ്എസ് നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടികൂടിയാണിത്. സുകുമാരന്‍നായര്‍ എന്‍എസ്എസിനെ സ്വകാര്യസ്വത്താക്കി കണക്കാക്കുന്നതായും തന്റെ ഇഷ്ടക്കാര്‍ക്കുമാത്രമായി എന്‍എസ്എസ് ആസ്ഥാനം തുറന്നുകൊടുക്കുന്നതായും പ്രമേയം പറയുന്നു. വിവിധ രാഷ്ട്രീയ കക്ഷികളില്‍പെട്ടവര്‍ കരയോഗം അംഗങ്ങളാണ്. ഇവര്‍ക്കെല്ലാം ഒരേ പരിഗണന ലഭിക്കണം. സമുദായ ആചാര്യന്‍ മന്നത്തു പത്മനാഭന്‍ ആര്‍ജ്ജിച്ച സ്വത്തിനപെുറമേ അംഗങ്ങള്‍ നല്‍കുന്ന ജന്മനക്ഷത്ര പിരിവ് അടക്കമുള്ളതാണ് എന്‍എസ്എസിന്റെ ആസ്തിവകകള്‍. അത് ആരും സ്വകാര്യസ്വത്തായി കൈയടക്കി വെയ്ക്കുന്നത് ശരിയല്ലെന്നും സമുദായ അംഗങ്ങള്‍ക്കെല്ലാം എന്‍എസ്എസ് ആസ്ഥാനത്തെത്താനുള്ള അവസരം ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എന്‍എസ്എസ് പ്രസിഡന്റ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വിവിധ കരയോഗങ്ങളില്‍ നിന്നും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പെണ്‍വാണിഭത്തിലും അഴിമതിയിലും കോഴ ഇടപാടുകളിലും പെടുന്നവരെ രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുന്നത് സുകുമാരന്‍നായര്‍ക്ക് ഹരമാണെന്ന് ഇലന്തൂര്‍ ഭഗവതികുന്ന് തൊള്ളായിരത്തി എണ്‍പത്തി നാലാം നമ്പര്‍ കരയോഗം അഭിപ്രായപ്പെട്ടു. നായന്മാരുടെ പോപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിലൂടെ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പെണ്‍വാണിഭക്കാരെ തലോടുകയും കോഴക്കാരന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ജനറല്‍ സെക്രട്ടറി പുംഗനാണെന്നും, മന്നത്തുപത്മനാഭന്‍ ഇരുന്ന കസേരയില്‍ ഇരിയ്ക്കുന്ന യൂദാസാണെന്നും പ്രമേയം പറയുന്നു. ഇതര സമുദായത്തിന്റെ കുഴലൂത്തുകാരനായി സുകുമാരന്‍നായര്‍ അധപതിച്ചു. നായര്‍ സമുദായത്തിന്റേതായി ജനറല്‍ സെക്രട്ടറി പറയുന്ന അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റേത് മാത്രമാണെന്നും സംസ്‌കാര ശൂന്യമായാണ് സുകുമാരന്‍നായര്‍ പെരുമാറുന്നതെന്നും ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. പദവിക്ക് ചേരാത്ത പ്രവര്‍ത്തനമാണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും വിവാദങ്ങള്‍ നായര്‍ സമുദായത്തിന് ആക്ഷേപമാണെന്നും മഞ്ഞനിക്കര ആയിരത്തി എഴുനൂറ്റി മുപ്പത്തി ഒന്നാം നമ്പര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗം പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. കുന്നന്താനം വള്ളമല തൊള്ളായിരത്തി മുപ്പത്തി എട്ടാം നമ്പര്‍ കരയോഗം അടക്കം നിരവധി കരയോഗങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ നടപടിക്കെതിരേ രംഗത്തെത്തി. വിവേകവും വിവരവും നഷ്ടപ്പെട്ട തരത്തിലാണ്എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റം എന്ന് പത്തനംതിട്ട കല്ലറക്കടവ് ദേശസേവിനി സമാജം അഭിപ്രായപ്പെട്ടു. സുകുമാരന്‍നായരുടെ പെരുമാറ്റം സമുദായത്തിന് അപമാനമായി മാറിയിരിക്കുകയാണ്. പിന്നാക്കം നില്‍ക്കുന്ന സമുദായ അംഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി രാഷ്ട്രീയ നാടകത്തിലെ കോമാളിവേഷം കെട്ടുകയാണ് എന്‍എസ്എസ് നേതൃത്വം എന്നും ദേശസേവിനി സമാജം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയകളില്‍ വിവിധ കരയോഗങ്ങളുടെ പ്രമേയങ്ങളോട് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നായര്‍ സമുദായത്തിലെ നിരവധി വിദേശി മലയാളികള്‍ പരസ്യമായി തങ്ങളുടെ വികാരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.ഏതായാലും കാര്യങ്ങള്‍ കൈ വിട്ടു പോകും മുന്‍പ് സുകുമാരന്‍ നായര്‍ അടുത്ത എന്ത് നീക്കമാണ് നടത്തുന്നത് എന്നാണ് കേരളം ഒന്നടങ്കം ഉറ്റു നോക്കുന്നത്.ഈ നീക്കം അനുസരിച്ചാവും കേരളത്തില്‍ ബി ജെ പി യുടെ ഭാവിയും ഒരു വലിയ പരിധി വരെ നിര്‍ണ്ണയിക്കപ്പെടുക എന്നൊരു പ്രത്യേകതയും ഉണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.