സ്വന്തം ലേഖകന്‍: ലളിത് മോദി വഴി ഐപിഎല്ലിലേക്ക് ആയിരം കോടി ഒഴുക്കിയെന്ന് ദാവൂദ് ഇബ്രാഹിം. ബിസിനസ് ആവശ്യത്തിനായാണ് തുക നല്‍കിയതെന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വെളിപ്പെടുത്തി. ഇന്ത്യയില്‍ താന്‍ 24000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ദാവൂദ് അവകാശപ്പെട്ടു. ഗുജറാത്തിലെ നിര്‍മാണ്‍ ന്യൂസ് എന്ന ടെലിവിഷന്‍ ചാനല്‍ ദാവൂദുമായി ടെലിഫോണില്‍ നടത്തിയ അഭിമുഖത്തിലാണ് ദാവൂദിന്റെ വെളിപ്പെടുത്തലുകള്‍.
ഇന്ത്യയിലെ ഏതെങ്കിലും മാധ്യമത്തിന് 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ അഭിമുഖം നല്‍കുന്നതെന്ന് ദാവൂദ് ഇബ്രാഹിം പറയുന്നുണ്ട്. എന്നാല്‍ ഏതുരാജ്യത്തുനിന്നാണ് സംസാരിക്കുന്നതെന്നു വെളിപ്പെടുത്തുന്നില്ല. ദാവൂദിന്റെ ശബ്ദം തന്നെയാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലേക്ക് വരാനും നിയമനടപടികള്‍ നേരിടാനും താന്‍ ഒരുക്കമായിരുന്നുവെന്ന് ദാവൂദ് പറയുന്നു. എന്നാല്‍ ചിലകാരണങ്ങളാല്‍ അതു നടന്നില്ല. 1993 ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ദാവൂദ് ആവര്‍ത്തിക്കുന്നു. താന്‍ വ്യവസായിയാണ്. നിരപരാധികളെ കൊലപ്പെടുത്തുന്നതിനോട് ഒരു യോജിപ്പുമില്ല, എന്നാല്‍ ബിസിനസ്സില്‍ കൈകടത്താന്‍ ശ്രമിക്കുന്നവരെ വെറുതേ വിടാറുമില്ല.
ഐപിഎല്‍ ഒത്തുകളിയുമായി തനിക്കു ബന്ധമില്ല. ലളിത് മോദിക്ക് ആയിരം കോടി രൂപ നല്‍കിയത് ബിസിനസ് ആവശ്യത്തിനാണ്. ക്രിക്കറ്റും ബോളിവുഡും ഏറെ ഇഷ്ടമാണ്. കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ദാവൂദ് ഒഴിഞ്ഞുമാറി. അല്‍ ഖായിദ തീവ്രവാദി സംഘവുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായ മറുപടി പറഞ്ഞില്ല.
ഒരു ബിസിനസ്സുകാരനായ തനിക്ക് ഇടപെടുന്നവരുടെ വ്യവസായത്തിലേ താല്‍പര്യമുള്ളൂ എന്നും ദാവൂദ് പറയുന്നു.
അതിനിടെ ലളിത് മോദിയെ 2007 ല്‍ വസുന്ധര രാജെ സര്‍ക്കാര്‍ പത്മ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതോടെ ഐപിഎല്‍ കോഴ നായകനുമായി വസുന്ധര രാജെക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല