സ്വന്തം ലേഖകന്‍: ഈജിപ്തിലെ ഷറം അല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. സുരക്ഷാഭീഷണി മൂലം ലഗേജുകള്‍ ഒഴിവാക്കി വിമാനയാത്ര നടത്താനാണു ചില വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിസന്ധി തുടരുകയാണ്.
ഒക്ടോബര്‍ 31ന് 224 പേര്‍ കൊല്ലപ്പെട്ട റഷ്യന്‍ വിമാന ദുരന്തത്തിനു കാരണം വിമാനത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ബോംബ് വച്ചതാണെന്ന ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഈജിപ്തിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തടയുകയും ചെയ്തു.
ഈജിപ്ത് സര്‍വീസില്‍ പത്തില്‍ രണ്ടെണ്ണത്തിനു മാത്രമേ അനുമതി ലഭിച്ചിട്ടുള്ളുവെന്നു ഈസിജെറ്റ് വിമാനക്കമ്പനി അറിയിച്ചു. മറ്റു വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുമെങ്കിലും ലഗേജ് പാടില്ലെന്ന് നിബന്ധനയുണ്ട്. ഇരുപതിനായിരം ബ്രിട്ടിഷ് വിനോദസഞ്ചാരികളാണു ഷറം അല്‍ ഷെയ്ഖിലുള്ളത്.
അതേസമയം, വിമാനയാത്രാവിലക്കില്ലെന്നും ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ സര്‍വീസുകളുടെ എണ്ണം നിയന്ത്രിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും ഈജിപ്ത് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ കയ്‌റോയില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഡച്ച് വിമാനവും ലഗേജുകള്‍ ഒഴിവാക്കിയാണ് യാത്ര നടത്തിയത്. കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികള്‍ ഉണ്ടോയെന്നത് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല