1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2015

സ്വന്തം ലേഖകന്‍: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം, ഒപ്പം ബിജെപിയുടെ കുതിപ്പും യുഡിഎഫിന്റെ കിതപ്പും. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് തരംഗത്തില്‍ മുങ്ങിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി കോര്‍പ്പറേഷന്‍ മാത്രമാണ്.

കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ യു.ഡി.എഫ് തന്നെ ഭരിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ 540 ഓളം പഞ്ചായത്തുകള്‍ തൂത്തുവാരിയ യു.ഡി.എഫ് ഇത്തവണ തകര്‍ന്നിടിഞ്ഞു. ആകെയുള്ള 941 പഞ്ചായത്തുകളില്‍ 539 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രം യു.ഡി.എഫിന് കരുത്തുകാണിക്കാനായി.

ഇത്തവണ 366 പഞ്ചായത്തുകളില്‍ മാത്രമേ യു.ഡി.എഫ് ഭരണത്തിന് സാധ്യതയുള്ളൂ. എന്നാല്‍ നഗരസഭകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും അവിടെയും മുന്‍തൂക്കം ഇടതു മുന്നണിക്കാണ്. കഴിഞ്ഞ തവണ 21 നഗരസഭകള്‍ ഭരിച്ച എല്‍.ഡി.എഫ് ഇത്തവണ 45 നഗരസഭകളില്‍ ഭരണം പിടിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് തരംഗം വീശിയടിച്ചപ്പോള്‍ 152 ബ്ലോക്കുകളില്‍ 91 എണ്ണം എല്‍ഡിഎഫും 60 എണ്ണം യു.ഡി.എഫും നേടി. ജില്ലാപഞ്ചായത്തില്‍ ഇത്തവണ രണ്ട് മുന്നണികളും ഏഴ് വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ തവണ യു.ഡി.എഫിന് എട്ടും എല്‍.ഡി.എഫിന് ആറുമായിരുന്നു സ്ഥിതി.

ബി.ജെ.പി ചരിത്ര നേട്ടവുമായി കുതിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ രാഷ്ട്രീയമാറ്റം. തിരുവനന്തപുരം കോര്‍പറേഷനില്‍ 34 സീറ്റും പാലക്കാട് നഗരസഭയില്‍ 24 സീറ്റുമായി ബി.ജെ.പി തകര്‍പ്പന്‍ മുന്നേറ്റം നടത്തി. പാലക്കാട് ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കൊടുങ്ങല്ലൂര്‍, കാസര്‍കോട്, മാവേലിക്കര, തൃപ്പൂണിത്തുറ, ഷോര്‍ണൂര്‍, താനൂര്‍, പരപ്പനങ്ങാടി നഗരസഭകളില്‍ പ്രധാന പ്രതിപക്ഷമായും ബി.ജെ.പി നേട്ടമുണ്ടാക്കി.

ഇത്തവണ സംസ്ഥാനവ്യാപകമായി 15 പഞ്ചായത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയോ ഭരണകക്ഷിയോ ആകുമെന്ന് ഉറപ്പാണ്. കേരള തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ബിജെപിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12 ന് നടക്കും. നഗരസഭാ അധ്യക്ഷന്‍മാരെ 18നും ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരെ 19നും തിരഞ്ഞെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.