സ്വന്തം ലേഖകന്‍: വിവാദ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നിയമ പോരാട്ടത്തിന് പഞ്ചാബ് നാഷനല്‍ ബാങ്ക്; ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. നീരവ് മോദിയെ വിട്ടുകിട്ടാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പുറമെ നീരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്സിക്കും സ്വത്തുക്കളുള്ള രാജ്യങ്ങളിലെ കോടതികളെ സമീപിക്കാനാണ് പിഎന്‍ബി തീരുമാനം.
നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നും വിട്ടുകിട്ടുന്നതിനു വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു ഹോങ്കോങ്ങിന്റെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. 1997ല്‍ ഇന്ത്യയും ഹോങ്കോങ്ങും ഒപ്പുവച്ചിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമം അനുസരിച്ച് നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതിനെ തുടര്‍ന്നാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും രാജ്യം വിട്ടത്. വിദേശകാര്യമന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടിസിനോടു പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നു ഫെബ്രുവരി അവസാനത്തോടെ ഇരുവരുടെയും പാസ്പോര്‍ട്ടും റദ്ദാക്കി. മുംബൈയിലെ സിബിഐ സ്പെഷല്‍ കോടതിയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വാറന്റിറക്കിയിട്ടുണ്ട്. നീരവ് മോദിയും അമ്മാവനും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖയില്‍ 13,000 കോടി രൂപയുടെ തട്ടിപ്പാണു നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല