സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എച്ച് വണ്‍ ബി വിസക്കാരുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് 130 കോണ്‍ഗ്രസ് അംഗങ്ങള്‍. ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയത്തില്‍ ഇന്ത്യന്‍ വംശജയായ അംഗം പ്രമീള ജയപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയത്. ഇവര്‍ ഒപ്പിട്ട കത്ത് ഹോംലാന്‍ഡ് സുരക്ഷ സെക്രട്ടറി ക്രിസ്ജന് നീല്സണിന് കൈമാറി.
ഇന്ത്യന്‍ ഐ.ടി പ്രഫഷനലുകള്‍ അടക്കം ഏറെ പേര് എച്ച് വണ്‍ ബി വിസക്കാരാണ്. ഇവരുടെ പങ്കാളികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാവുന്ന എച്ച് ഫോര്‍ വിസയാണ് നല്‍കിയിരുന്നത്. എന്നാല്‍, ഇത് ട്രംപ് ഭരണകൂടം റദ്ദാക്കുകയായിരുന്നു. ഇതോടെ നിരവധി ഇന്ത്യക്കാരടക്കം 70,000 ത്തോളം പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്ത് ജീവിക്കാനാവാത്ത അവസ്ഥയാണ്.
എച്ച് ഫോര്‍ വിസക്കാര്‍ രാജ്യത്തിന്റെ സമ്പദ്, തൊഴില്‍ രംഗങ്ങളെ ശക്തമാക്കുക മാത്രമേ ചെയ്യൂവെന്നും വര്‍ഷങ്ങളായി രാജ്യത്ത് താമസിച്ച് ജോലി ചെയ്യുന്ന ഇവര്‍ക്കെതിരെ പൊടുന്നനെ ഇങ്ങനെയൊരു നടപടി സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ നല്കിയ കത്തില്‍ പറയുന്നു. എച്ച് വണ്‍ ബി വിസക്കാരുടെ പങ്കാളികളായ എച്ച് ഫോര്‍ വിസക്കാര്‍ക്ക് രാജ്യത്ത് തുടരാനും ജോലി ചെയ്യാനുമാവശ്യമായ അനുമതി നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല