
സ്വന്തം ലേഖകന്‍: ‘മേരാ ഭാരത് മഹാന്, മേരി മാഡം മഹാന്,’ നിറകണ്‍ ചിരിയോടെ സുഷമ സ്വരാജിനെ കാണാനെത്തിയ ഹമീദ് അന്‍സാരിയും ഉമ്മയും; 6 വര്‍ഷത്തെ പാക് ജയില്‍ ജീവിതത്തില്‍ അനുഭവിച്ചത് കൊടിയപീഡനം; ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് അന്‍സാരി. ഫൗസിയ അന്‍സാരിയാകട്ടെ ആറു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മകനെ കണ്ട് മുട്ടിയ സന്തോഷത്തിലായിരുന്നു. മകനൊപ്പം കേന്ദ്രമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിക്കുകയായിരുന്നു ഫൗസിയ ആദ്യം ചെയ്തത്.
അന്‍സാരിയെ ഹൃദ്യമായി സ്വരാജ്യത്തേക്കു സ്വാഗതം ചെയ്ത സുഷമ ചേര്‍ത്തുപിടിച്ചു വിശേഷങ്ങള്‍ തിരക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും സാക്ഷിയായ ഫൗസിയ സുഷമയുടെ കൈപിടിച്ചു. രണ്ടുപേരും മുഖത്തോടു മുഖംനോക്കി ആര്‍ദ്രമായി സംസാരിച്ചു. നിറകണ്ണുമായി ഫൗസിയ സുഷമയെ സ്നേഹാലിംഗനം ചെയ്തു. ‘എന്റെ ഭാരതം ഗംഭീരം, എന്റെ മാഡം അതിഗംഭീരം, എല്ലാം ചെയ്തുതന്നതു മാഡമാണ്,’ കണ്ണീരോടെ ഫൗസിയ പറഞ്ഞു.
പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ശാരീരികമായി പീഡിപ്പിച്ചെന്ന് അന്‍സാരി പറഞ്ഞു. മര്‍ദനത്തില്‍ തന്റെ ഇടതുകണ്ണ് തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിലാണ് ജയില്‍ അനുഭവങ്ങള്‍ ഹമീദ് നിഹാല്‍ പങ്കുവച്ചത്. തന്റെ പ്രായമായ മാതാപിതാക്കളെ പിരിയാനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നു. ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു ജോലി ലഭിക്കണമെന്നും വിവാഹം കഴിക്കണമെന്നുമാണ് ആഗ്രഹമെന്നും ഹമീദ് നിഹാല്‍ പറഞ്ഞു.
ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തു പാക്കിസ്ഥാനില്‍ ജയിലിലായിരുന്നു മുംബൈ സ്വദേശിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഹമീദ് നിഹാല്‍ അന്‍സാരി (33). കേന്ദ്ര സര്‍ക്കാരിന്റെ ശ്രമഫലമായി 6 വര്‍ഷത്തിനുശേഷമാണു മോചിതനായത്. പുലര്‍ച്ചെ ജയില്‍ മോചിതനായ അന്‍സാരിയെ കുടുംബവും ഇന്ത്യന്‍ സേനാ ഉദ്യോഗസ്ഥരും വാഗാ അതിര്‍ത്തിയില്‍ സ്വീകരിച്ചു.
ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ അന്‍സാരി കുടുംബത്തോടൊപ്പം രാജ്യത്തെ വന്ദിച്ചു. ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കണ്ടു നന്ദി പറയാനാണു അന്‍സാരിയും ഫൗസിയയും എത്തിയത്. സുഷമയുമായുള്ള കുടുംബത്തിന്റെ കൂടിക്കാഴ്ചയുടെ വിഡിയോ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ജോലിയുമായി ബന്ധപ്പെട്ട് 2012 ല്‍ അഫ്ഗാനിലെ കാബൂളിലേക്കു പോയ അന്‍സാരിയെ പിന്നീട് കാണാതായി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പാക്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താല്പര്യമില്ലാത്ത വിവാഹത്തില്‍നിന്നു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പാക്കിസ്ഥാനിലെത്തിയെന്നും വാര്‍ത്ത വന്നു. അനുമതിയില്ലാതെ അതിര്‍ത്തി കടന്നെന്നും ചാരവൃത്തിയാണ് ഉദ്ദേശ്യമെന്നും ആരോപിച്ചു പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു.
സൈനിക കോടതി അന്‍സാരിയെ 3 വര്‍ഷം തടവിനു ശിക്ഷിച്ചു. ശിക്ഷാകാലാവധി തീര്‍ന്നിട്ടും മോചനം നടന്നില്ല. അന്‍സാരിയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. ഇന്ത്യന്‍ ചാരനാണ് അന്‍സാരിയെന്ന നിലപാട് പാക്കിസ്ഥാന് തുടര്‍ന്നു. 96 തവണ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാക്കിസ്ഥാനുമായി ബന്ധപ്പെട്ടാണു മോചനം സാധ്യമാക്കിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല