1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2019

സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 48 സീറ്റുകളില്‍ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 2014ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ടു ഷെയറില്‍ 17 ശതമാനം വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെയടക്കം ഉപയോഗിച്ച് സംഘടനാ തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ ഇത്രയും വലിയ നേട്ടം ചുരുങ്ങിയ കാലയളവിനുള്ളില്‍ അവര്‍ നേടിയെടുത്തത്.

വടക്കന്‍ കൊല്‍ക്കത്തയില്‍ മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റാണ് ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ കേന്ദ്രം. വോട്ടെടുപ്പ് നടന്നത് 2019ലാണെങ്കിലും ഇവിടെ അതിനുവേണ്ട പ്രചാരണങ്ങള്‍ 2018ല്‍ തന്നെ തുടങ്ങി. 10000 പേരാണ് എട്ടുമാസക്കാലം രാപകലില്ലാതെ ഇവിടെ പണിയെടുത്തത്. 23 സീറ്റുകള്‍ ബംഗാളില്‍ നേടുകയെന്നതായിരുന്നു ലക്ഷ്യം. സാങ്കേതിക വിദഗ്ധനായ ഉജ്ജ്വല്‍ പരീക്കാണ് ബി.ജെ.പിയുടെ ബംഗാളിലെ സോഷ്യല്‍ മീഡിയ കാമ്പെയ്‌നിങ്ങിനെ നയിച്ചത്. ബംഗാളിലെ ബി.ജെ.പിയുടെ ഐ.ടി സെല്‍ കണ്‍വീനറായ അദ്ദേഹമാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവായിയ അമിത് മാളവ്യയില്‍ നിന്നും നേരിട്ട് നിര്‍ദേശങ്ങള്‍ സംഘത്തില്‍ എത്തിച്ചത്.

പശ്ചിമബംഗാളിലെ മൂന്ന് കോടി സ്മാര്‍ട്ട്‌ഫോണുകള്‍ ലക്ഷ്യമിട്ട് 50000 വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ബി.ജെ.പി തുടങ്ങിയത്. ബംഗാളിയില്‍ മേസേജുകള്‍ അയക്കാന്‍ ഷെയര്‍ ചാറ്റും ഉപയോഗിച്ചിരുന്നു. അവസാന 60 ദിവസത്തിനിടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിന് ലഭിച്ചത് രണ്ട് കോടി ഇംപ്രഷനുകളാണ്. ‘ അമിത് മാളവ്യയാണ് എനിക്കു നിര്‍ദേശം നല്‍കിയത്. ലോക്‌സഭാ ലെവലില്‍ ചുമതലയുണ്ടായിരുന്ന 42 പേര്‍ക്ക് ഞാനത് പകര്‍ന്നു നല്‍കി. 294പേര്‍ക്ക് നിയമസഭാ തലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ബൂത്തുതലത്തിലുള്ള ഒരുക്കങ്ങള്‍ക്കായി ഞങ്ങള്‍ക്ക് മണ്ഡലങ്ങളും ശക്തി കേന്ദ്രങ്ങളുമുണ്ട്. 13000 ശക്തികേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ 10000ത്തോളം കേന്ദ്രങ്ങള്‍ക്ക് ഒരു ഐ.ടി ടീമുമുണ്ട്.’

ജയ് ശ്രീറാം എന്ന് ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ മമത ദേഷ്യപ്പെടുന്നതിന്റെ മീമുകള്‍ ഈ വാട്‌സ്ആപ്പ് സൈന്യമാണ് വൈറലാക്കിയത്. അത് പ്രചാരണത്തില്‍ ഏറെ സഹായിച്ചെന്നും ഇവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.