
സ്വന്തം ലേഖകൻ: അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്ത് നാല്‍പതാമത് ജിസിസി ഉച്ചകോടി റിയാദിൽ. പ്രതിസന്ധികള്‍ തരണം ചെയ്തതാണ് ജിസിസിയുടെ ചരിത്രമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു.
ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതായിരുന്നു ഉച്ചകോടിയുടെ പ്രധാന അജണ്ട. സൌദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിച്ചത്. ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കം ആഹ്വാനം ചെയ്താണ് ഉച്ചകോടിക്ക് സല്‍മാന് രാജാവ് തുടക്കം കുറിച്ചത്. അംഗ രാജ്യങ്ങളുടെ ഐക്യത്തിനും ആഹ്വാനമുണ്ടായി.
ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. 2025-ഓടെ ജിസിസി രാജ്യങ്ങളുടെ സന്പൂര്‍ണ സാമ്പത്തിക സഹകരണമാണ് ജിസിസിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഐക്യം രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കും.
ഖത്തര്‍ വിഷയം പ്രത്യേകമായി ചര്‍ച്ചയായില്ല. എങ്കിലും സഹകരണ ചര്‍ച്ചകള്‍ പുതിയ പ്രതീക്ഷയാണെന്നും അടുത്ത ഉച്ചകോടിയില്‍ അത് പ്രതിഫലിക്കുമെന്നും കുവൈത്ത് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യമന്‍, ഫലസ്തീന്‍ ജനതക്ക് ഉച്ചകോടി ഐക്യജാര്‍ഢ്യം പ്രഖ്യാപിച്ചു.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ബഹ്റാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ഒമാന്‍ ഉപ പ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ്, കുവൈത്ത് അമീര്‍ എന്നിവരെത്തി. ഖത്തറില്‍ നിന്നും അമീറിന് പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയാണ് എത്തിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല