1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2020

സ്വന്തം ലേഖകൻ: ലോകത്തിന്റെ നെറുകയിലേക്ക് ബുർജ് ഖലീഫ തല ഉയർത്തിയിട്ട് പത്തുവർഷമാകുമ്പോൾ നിരവധി കൗതുകങ്ങളും, ലോകറിക്കോഡുകളുമായി യു എ ഇ യുടെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുകയാണ് ഈ കെട്ടിട ഭീമൻ.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം, മിഷൻ ഇമ്പോസ്സിബിൾ എന്ന ഹോളിവുഡ് സിനിമ മുതൽ ഡയമണ്ട് നെക്ലേസ് എന്ന മലയാള സിനിമ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്രങ്ങളുടെ ലൊക്കേഷൻ, ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം എന്നിങ്ങനെ നിരവധി കൗതുകങ്ങളും ബുർജ് ഖലീഫ സ്വന്തമാക്കി.

2010 ജനുവരി നാലിനാണ് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുർജ് ഖലീഫ ലോകത്തിന് തുറന്നു കൊടുത്തത്. പത്ത് വയസ്സ് തികയുന്ന ഈ വേളയിൽ ലോകമെങ്ങു നിന്നുമുള്ള സന്ദർശകരെ സ്വാഗതം ചെയ്ത് തലയുയർത്തി നിൽക്കുകയാണ് ബുർജ് ഖലീഫ. ഒരു ലക്ഷം ആനകളുടെ ഭാരത്തിനു തുല്യമായ കോൺക്രീറ്റ് ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നിർമാണത്തിന് വേണ്ടി വന്നത്.

അഞ്ച് എ 380 വിമാനങ്ങളുടെ ഭാരത്തിനു തുല്യമായ അലുമിനിയം നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 92 കിലോമീറ്റർ ദൂരെ നിന്ന് പോലും ബുർജ് ഖലീഫയുടെ മുകൾഭാഗം ദൃശ്യമാണ്. ഇൻഡ്യാക്കാരുൾപ്പടെയുള്ള നിരവധി തൊഴിലാളികളുടെ അദ്ധ്വാനവും ഈ അത്ഭുത നിർമ്മിതിക്ക് വേണ്ടി വന്നു. 828 മീറ്റർ ഉയരമുള്ള 200 ലേറെ നിലകളുള്ള ബുർജ് ഖലീഫക്ക് ആദ്യം നിശ്ചയിച്ച പേര് ബുർജ് ദുബായ് എന്നായിരുന്നു.

പിന്നീട് യു എ ഇ രാഷ്‌ട്രപതി ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി ബുർജ് ഖലീഫ എന്ന് പേര് നല്കുകയാണുണ്ടായത്. സന്ദർശകരെ സ്വാഗതം ചെയ്ത്, യു എ ഇ യുടെയും, വിശിഷ്യാ ദുബായുടെയും അഭിമാനമായി നിലകൊള്ളുകയാണ് ബുർജ് ഖലീഫ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.