
സ്വന്തം ലേഖകൻ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുപ്പത് മണിക്കൂറോളോമാണ് റാണയെ ചോദ്യം ചെയത്ത്. കസ്റ്റഡിയിലെടുത്ത റാണാ കപൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി ചുരുക്കുകയായിരുന്നു. വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂലധനമുയര്‍ത്താന്‍ കഴിയാത്തതും കിട്ടാക്കടത്തിന്റെ ആധിക്യവുമാണ് യെസ് ബാങ്കിനെ ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
യെസ് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് എ.ടി.എമ്മിനു മുന്നില്‍ ഇടപാടുകാരുടെ നീണ്ട ക്യൂ. റിസര്‍വ്വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ എടിഎമ്മുകളെല്ലാം കാലിയായ നിലയിലാണ്. ഇതോടെ ഭൂരിഭാഗം പേര്‍ക്കും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല.
മൊറട്ടോറിയം പ്രഖ്യാപിച്ചതു വഴി 50,000 രൂപവരെയേ ബാങ്കുകള്‍ വഴി പിന്‍വലിക്കാന്‍ സാധിക്കൂ. അതേ സമയം ബ്രാഞ്ചുകളില്‍ നിന്നും ചെക്ക് ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ പണം പിന്‍വലിക്കാന്‍ സാധിക്കുന്നുണ്ട്.
മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെ യെസ് ബാങ്കിന്റെ ഇ-ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. ഇതിന് പുറമെ യെസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്. യെസ് ബാങ്കിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍പേ ആപ്പുകളുടെ സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ ഒരു പോസ്റ്റ് ഓഫീസില്‍ യെസ് ബാങ്കിലെ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നില്ലെന്ന് നോട്ടീസ് പതിച്ചിരുന്നു.
അതേസമയം യെസ് ബാങ്കിനുമേല്‍ ആര്‍.ബി.ഐ മോററ്റോറിയം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗുജറാത്തില്‍നിന്നുള്ള കമ്പനി ബാങ്കില്‍നിന്നും കോടികള്‍ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വഡോദര സ്മാര്‍ട്ട് സിറ്റി ഡെവലപ്മെന്റ് കമ്പനിയാണ് യെസ്ബാങ്കില്‍നിന്നും 265 കോടി രൂപ പിന്‍വലിച്ചത്. മുന്‍സിപല്‍ കോര്‍പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനായ സുധീര്‍ പട്ടേലാണ് പണം പിന്‍വലിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രം അനുവദിച്ച ഗ്രാന്റ് ആണ് ആ തുക. അത് യെസ് ബാങ്കിന്റെ ബ്രാഞ്ചിലേക്കായിരുന്നു നിക്ഷേപിച്ചിരുന്നതെന്നും സുധീര്‍ പട്ടേല്‍ പറഞ്ഞു.
യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മകള്‍ രോഷ്‌നി കപൂറിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് എയര്‍വേസില്‍ ഇന്ന് ലണ്ടനിലേക്ക് പോകാനിരിക്കുകയായിരുന്നു രോഷ്‌നി. ദേവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് റാണാ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രോഷ്‌നിയെ വിമാനത്താവളത്തില്‍ തടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല