
സ്വന്തം ലേഖകൻ: പത്തനംതിട്ടയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. രോഗ ലക്ഷണം ഉള്ളവര്‍ അധികൃതരെ വിവരം നിര്‍ബന്ധമായും അറിയിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് പിന്നാലെ പൊലീസും പത്രക്കുറിപ്പ് ഇറക്കി.
സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
രോഗ ബാധയുള്ള രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. അറിയിക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്ളപ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇറ്റലിയില്‍ നിന്നുമെത്തിയ കുടുംബം ഇക്കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്തെത്തിയത്.
സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്നും കേരള പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും രോഗമുളള രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുകയും ചെയ്തവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.
പത്തനംതിട്ടയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 0468-2228220 എന്നതാണ് നമ്പര്‍. നിരീക്ഷണത്തിലുള്ള വീടുകളിലെ കുട്ടികള്‍ പരീക്ഷ എഴുതുമ്പോള്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഈ കുടംബം ഇറ്റലിയില്‍ നിന്നും നെടുമ്പാശേരിയിലേക്കെത്തിയ ഖത്തര്‍ എയര്‍വേയ്‌സ് സുരക്ഷ ഉറപ്പുവരുത്തുന്നതായി ശ്രമം നടത്തുന്നതായി കമ്പനി അറിയിച്ചു. ഫെബ്രുവരി 29-ന് ക്യു ആര്‍ 514 എന്ന വിമാനത്തിലാണ് ഇവരെത്തിയത്.
ഈ കുടുംബം സന്ദര്‍ശനം നടത്തിയ വീട്ടിലെ രണ്ടു ബന്ധുക്കള്‍ക്കും രോഗം ബാധിച്ചു.ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 39 ആയി.
ഇറ്റലിയില്‍ നിന്ന് മടങ്ങി വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അവര്‍ ബന്ധുവീട് സന്ദര്‍ശിച്ചിരുന്നു. ബന്ധുവീട്ടിലെ രണ്ട് പേര്‍ പനിയായി താലൂക്ക് ആശുപത്രിയില്‍ വന്നപ്പോള്‍ ലക്ഷണങ്ങള്‍ കണ്ട് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അവരില്‍ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.
ഫെബ്രുവരി 29 ന്റെ QR 126 വെനീസ് – ദോഹ ഫ്‌ളൈറ്റ്, അവിടെനിന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ- കൊച്ചി ഫ്‌ളൈറ്റില്‍ യാത്ര നടത്തിയവര്‍ എന്നിവര്‍ എത്രയും പെട്ടന്ന് ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
DISHA : O4712552056 , Toll Free 1056, എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല