
സ്വന്തം ലേഖകൻ: യെസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി 50,000 രൂപയായി പരിമിതപ്പെടുത്തി റിസർവ് ബാങ്ക് ഒരു മാസത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയതുമുതൽ ഇനി എന്തുചെയ്യണമെന്ന ആലോചനയിലാണ് ബാങ്ക് ഉപഭോക്താക്കൾ. പ്രതിസന്ധിയിൽ അകപ്പെട്ട യെസ് ബാങ്കിൽ നിക്ഷേപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) തായ്യാറാണെന്ന വാർത്ത വന്നിട്ടും ഉപഭോക്താക്കൾക്ക് ഇപ്പോഴും നിരവധി സംശയങ്ങളുണ്ട്.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ യെസ് ബാങ്ക് അക്കൗണ്ടിൽ നിന്നാണെങ്കിൽ എന്തുചെയ്യണം?
ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും 50,000 രൂപ പരിധിയിൽ വരും. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ 50,000 രൂപയിൽ താഴെയാണെങ്കിൽ ആശങ്കപ്പെടേണ്ട. ബാങ്കിൽ നിന്നോ എടിഎമ്മിൽ നിന്നോ പിൻവലിക്കുന്നതും മറ്റ് നിയമപരമായ പേയ്‌മെന്റുകളും ഉൾപ്പെടെ ഒരു മാസം ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുക 50,000 രൂപയായതിനാൽ മൊറട്ടോറിയം കാലയളവിൽ നിങ്ങളുടെ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ എന്തുചെയ്യണം?
നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള റിഡംപ്ഷൻ (പണം പിന്‍വലിക്കല്‍) നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. യെസ് ബാങ്കിലെ അക്കൗണ്ട് നല്‍കിയിട്ടുള്ളവര്‍ മറ്റൊരു ബാങ്കിലെ അക്കൗണ്ട് ഫണ്ട് ഹൗസുകള്‍ക്ക് നല്‍കേണ്ടതാണ്. കാന്‍സല്‍ ചെയ്ത ചെക്കും അപേക്ഷയും മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരായ ഫിന്‍ടെക്, കാംസ് എന്നിവയുടെ ഓഫീസില്‍ നല്‍കിയാല്‍ മതി. ഇവര്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്.
നിങ്ങളുടെ ശമ്പള അക്കൗണ്ട് യെസ് ബാങ്കിലാണെങ്കിൽ എന്തുചെയ്യും?
നിങ്ങളുടെ ശമ്പള അക്കൗണ്ട് യെസ് ബാങ്കിലാണെങ്കിൽ, ആ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശമ്പളം ക്രെഡിറ്റ് ചെയ്യരുതെന്ന് എത്രയും പെട്ടെന്ന് നിങ്ങളുടെ തൊഴിലുടമയെ അറിയിക്കുക. ശമ്പള തുക ക്രെഡിറ്റ് ചെയ്യാൻ മറ്റൊരു അക്കൗണ്ട് അവർക്ക് നൽകുക. ഇനി നിങ്ങൾക്ക് മറ്റൊരു അക്കൗണ്ട് ഇല്ലെങ്കിൽ, ഉടനടി ഏതെങ്കിലും ബാങ്കിൽ ശമ്പള അക്കൗണ്ട് തുറന്ന് തൊഴിലുടമയെ അറിയിക്കുക.
നിങ്ങളുടെ യെസ് ബാങ്ക് അക്കൗണ്ടിലേക്കാണ് വാടക ലഭിക്കുന്നതെങ്കിലോ?
നിങ്ങളുടെ വാടകക്കാരന് വാടക അയയ്‌ക്കാൻ മറ്റൊരു ബാങ്ക് അക്കൗണ്ട് നൽകുക. തൽക്കാലം യെസ് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കരുതെന്ന് അവരോട് പറയുക, പകരം വാടക പണം മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിക്കുക.
വായ്പ തരിച്ചടവ്, എസ്‌ഐപി, പ്രീമിയം അടവ് എന്നിവയെ ബാധിക്കുമോ?
50,000 രൂപയ്ക്കുമുകളിലുള്ള എല്ലാ പണമിടപാടുകളെയും ഇത് ബാധിക്കും. അതിന് താഴയാണെങ്കിൽ തടസ്സമില്ല.
നിങ്ങളുടെ എല്ലാ പണവും യെസ് ബാങ്കിലാണെങ്കിൽ എന്തുചെയ്യണം?
മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം തുടങ്ങിയ നിക്ഷേപകരുടെ അടിയന്തിരാവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണ ലഭിക്കും.
നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുകയാണ്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കിന്റെ പുനരുദ്ധാരണമോ ലയനമോ സാധ്യമാക്കുന്നതിനാണ് ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല