
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ ഹസ്തദാനം ഒഴിവാക്കുകയാണ് ലോക നേതാക്കള്‍. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു.
വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന് കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിച്ചു. പിന്നെ കൈകൂപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ജനങ്ങള്‍ ഹസ്തദാനം ഒഴിവാക്കണമെന്ന് യൂറോപ്യന്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ വൈറ്റ് ഹൗസിലെത്തിയ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും ഡൊണാള്‍ഡ് ട്രംപും കൈകള്‍ കൂപ്പിയാണ് പരസ്പരം അഭിവാദ്യം ചെയ്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സ്പെയിന് രാജാവും രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലും കൈകള്‍ കൂപ്പിയായിരുന്നു അഭിവാദ്യം.
അമേരിക്കന്‍ പ്രസിഡന്റും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തത് നമസ്തേ രീതിയിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ രീതി അത്യാവശ്യമാണെന്ന് ഇരുവരും പിന്നീട് വെളിപ്പെടുത്തി.
ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കിടെ എങ്ങനെയാണ് നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പരസ്പരം കൈകള്‍ കൂപ്പുന്നതിന്റെ ചിത്രങ്ങള്‍ പിന്നീട് വൈറലായി.
നേരത്തെ കൊറോണ പടരാതിരിക്കാന്‍ ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ നമസ്തെ ഉപയോഗിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല