1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വൈറസ് ബാധ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തും. ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം ശനിയാഴ്ച ഇറ്റലിയിലേക്ക് യാത്രതിരിക്കുമെന്നും സഞ്ജീവ കുമാര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ട് പേരാണ് കൊറോണ ബാധയില്‍ രാജ്യത്ത് മരണപ്പെട്ടത്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ 18 അന്താരാഷ്ട്ര ചെക്ക്പോസ്റ്റുകൾ അടച്ചു.

ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കോവിഡ് 19 രോഗം ബാധിച്ച് ഇന്നലെ മരിച്ചതോടെ കർശന ജാഗ്രത നിർദ്ദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്നത്. ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ച് പേർ ഓടിപ്പോയി. ഇതിൽ ഒരാളുടെ ഫലം നെഗറ്റീവാണ് നാല് പേരുടെ ഫലം വരാനുണ്ട്.

ഹിമാചൽ പ്രദേശിലെയും രാജസ്ഥാനിലെയുംഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ബംഗളൂരുവിലെ എല്ലാ മാളുകളും ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാർക്ക് രാജ്യങ്ങളുമായി ഒന്നിച്ചുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ആഹ്വാനത്തിന് പാകിസ്താൻ താല്‍പര്യം അറിയിച്ചു.

അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യൻ എംബസി താല്‍ക്കാലികമായി നിർത്തി വെച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡൽഹി തീഹാർ ജയിലിൽ ഐസോലേഷൻ വാർഡ് ആരംഭിച്ചു. ഇതു വരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.