1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2020

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം. ആഗോളതലത്തില്‍ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരു മുന്‍കരുതലായാണ് വ്യാഴാഴ്ച സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

ഇവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി യൂണിറ്റുകളിലെ 18-20 ലക്ഷത്തോളം ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശ പ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയും. കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോം (NASSCOM) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഒഎസ്പി (മറ്റു സേവനദാതാക്കള്‍) സമ്പ്രദായത്തില്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്ന രീതിയ്ക്ക് നിയന്ത്രണങ്ങളുണ്ട്. ‘ചില പ്രത്യേക സാഹചര്യങ്ങളില്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമങ്ങളുണ്ട്. ഇതില്‍ ആവശ്യമായി ക്ലോസുകള്‍ നല്‍കി, ഞങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ഇത് നടപ്പാക്കാന്‍ പ്രേരിപ്പിക്കും’, എസ്ടിപിഐ (സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഇന്ത്യ) ഡയറക്ടര്‍ ജനറല്‍ ഓംകാര്‍ റായ് പറയുന്നു. ഏതാണ്ട് 3,000 കയറ്റുമതിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടിണ്ടെന്നും ഇവര്‍ക്ക് കീഴില്‍ 18-20 ലക്ഷത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 പടരുന്നതിനാല്‍, ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് ഉപയോഗിച്ച് ജോലി ചെയ്യാന്‍ ആവശ്യപ്പെടാമെന്ന് സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാര്‍ക്കുള്ള സൗകര്യങ്ങളും നിയമങ്ങളും നല്‍കുന്ന എസ്ടിപിഐയുടെ അടിയന്തിര ഉപദേശത്തില്‍ പറയുന്നു. ബുധനാഴ്ച ലോകാരോഗ്യ സംഘടന കൊവിഡ് 19 -നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 4,000 -ല്‍പ്പരം മരണങ്ങളാണ് കൊവിഡ് 19 മൂലം ഉണ്ടായത്. കൊവിഡ് 19 പടരാതിരിക്കാനുള്ള ശ്രമമായി നയതന്ത്ര, തൊഴില്‍ തുടങ്ങിയ ചില വിഭാഗങ്ങള്‍ക്കൊഴികെയുള്ള എല്ലാ വിസകളും താത്ക്കാലികമായി നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

മേഖലയിലുടനീളമുള്ള കമ്പനികള്‍ അവരുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിന് ടെലിപ്രസന്‍സ്, വീഡിയോ കോണ്‍ഫറന്‍സിംഗ് പോലുള്ള സാങ്കേതിക വിദ്യ സ്വീകരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിലവിലെ ഒഎസ്പി ഭരണത്തിന്‍ കീഴിലെ നിബന്ധനകള്‍, സാങ്കേതികതയുടെ ആവശ്യകത എന്നിവ മൂലം കമ്പനികള്‍ ജീവനക്കാര്‍ വീട്ടിലിരുന്ന ജോലി ചെയ്യുന്ന രീതി അനുവദിക്കാന്‍ ബുദ്ധിമുട്ടുന്നു. പിപിവിപിഎന്‍ കണക്ടിവിറ്റി സ്ഥാപിക്കുക, വിപുലീകൃത ഏജന്റുമാരുമായി മുന്‍കൂട്ടി നിര്‍വചിച്ച ലൊക്കേഷന്‍ പങ്കിടുക, ഉയര്‍ന്ന പണ സുരക്ഷാ നിക്ഷേപങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാനാണ് കമ്പനികള്‍ പൊതുവെ പിപിവിപിഎന്‍ (പ്രൊവൈഡര്‍ പ്രൊവിഷന്‍സ് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. ഐടി, ബിപിഒ കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രതിനിധീകരിക്കുന്ന നാസ്‌കോം, ഈ വിഷയത്തില്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന് കത്ത് നല്‍കിയിട്ടുണ്ട്. ഒഎസ്പി ഭരണത്തിന്‍ കീഴില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ആവശ്യകതകള്‍ ഇടക്കാല അടിയന്തര നടപടിയായി ഒരു മാസത്തേക്ക് ഇളവ് ചെയ്യണമെന്ന് നാസ്‌കോം കത്തില്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.