
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യെസ് ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച്ച് 18-ന് പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ബാങ്കിന്റെ പണമിടപാടുകള്‍ക്കുള്ള മൊറോട്ടോറിയം അവസാനിക്കും.
ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സര്‍ക്കാരും കേന്ദ്രബാങ്കും പെട്ടെന്ന് നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ പണം ബാങ്കിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെസ് ബാങ്കിനുവേണ്ടിയുള്ള ഒരു രക്ഷാ പദ്ധതി തയ്യാറാകുന്നുണ്ടെന്നും എന്നാല്‍ ബാങ്ക് സ്വകാര്യ മേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 26-ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിക്കുന്നതോടെ യെസ് ബാങ്കില്‍ പുതിയ ബോര്‍ഡ് അധികാരമേല്‍ക്കും.
ആവശ്യം വന്നാല്‍ യെസ് ബാങ്കിന് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയിലെ ചെറുകിട ബാങ്കുകള്‍ അടക്കം ബാങ്കിങ് മേഖലയുടെ ആരോഗ്യം മികച്ചതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
നിലവിലെ സാമ്പത്തിക മാന്ദ്യവും വിപണിയിടിവും കാരണം പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. കൊറോണ വൈറസിന്റെ അനന്തരഫലം വിലയിരുത്തിയശേഷം അടുത്ത യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൊറോണ മഹാമാരിയില്‍ നിന്നും ഇന്ത്യയ്ക്കും രക്ഷയില്ലെന്ന് അദ്ദേഹം വൈറസ് രാജ്യത്തെ സാമ്പത്തിക വിപണിയേയും സമ്പദ് വ്യവസ്ഥയേയും കോവിഡ് 19 ബാധിക്കുന്നതിനെ പരാമര്‍ശിച്ച് പറഞ്ഞു.
ആഗോള വളര്‍ച്ചയേയും ആഭ്യന്തര വളര്‍ച്ചയേയും കോവിഡ് 19 ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പലിശ നിരക്കുകൡ മാറ്റം വരുത്തുന്നത് പ്രഖ്യാപിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. ആര്‍ബിഐയുടെ ധനനയ കമ്മിറ്റിയുടെ യോഗത്തില്‍ കൊറോണ വൈറസിന്റെ പ്രഭാവത്തെ കുറിച്ച് വിശകലനം ചെയ്തശേഷം അക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടക്കമുള്ള 43 കേന്ദ്ര ബാങ്കുകള്‍ അടുത്തിടെ വായ്പ നിരക്കുകള്‍ കുറച്ചിരുന്നു. അതിനാല്‍, ആര്‍ബിഐയും ഇക്കാര്യം ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിപണി പ്രതീക്ഷിച്ചിരുന്നത്. ഏപ്രില്‍ മൂന്നിനാണ് ആര്‍ബിഐയുടെ ധനനയ കമ്മിറ്റിയുടെ യോഗം നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല