1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 ഭീതി തുടരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.

രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുട്ടികളുമായി നിരവധി പേരാണ് കൊച്ചിവിമാനത്താവളത്തില്‍ എത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് കേസെടുത്തിരുന്നു.

സംഭവത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളെയും മറികടന്ന് രജിത് കുമാറിന്റെ ആരാധകരടങ്ങുന്ന വലിയ ജനക്കൂട്ടം വിമാനത്താവളത്തില്‍ തടിച്ചുകൂടിയതിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണയും ഡോ ധന്യാ മാധവും പരാതി നല്‍കിയിരുന്നു.

ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടി.വി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേസ് എടുത്തു!

കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു TV ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഗം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.