
സ്വന്തം ലേഖകൻ: ലോകമെങ്ങും ഇപ്പോള്‍ കൊറോണ വൈറസ് ഭീതിയില്‍ ആണ്. ഗള്‍ഫ് രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കുവൈത്തിലെ ഒരു ദേശീയ ചാനലില്‍ വാര്‍ത്താ അവതാരക മലയാളത്തില്‍ കൊറോണ വൈറസിനെ കുറിച്ച് വിശദീകരിച്ചത്.
മറിയം അല്‍ ഖബന്ദി എന്ന തനി കുവൈത്തിയായ സ്ത്രീ ആയിരുന്നു ആ വാര്‍ത്ത വായിച്ചത്. എന്നാല്‍ സംസാരിച്ചതോ, തനി ‘മലബാര്‍ മലയാളത്തില്‍’. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞിരിക്കുകയാണ്.
മറിയം അല്‍ ഖബന്ദിയ്ക്ക് എങ്ങനെ ഇത്ര നന്നായി മലയാളം ്അറിയാം എന്നല്ലേ…? മറിയത്തിന്റെ ഉമ്മ ഒരു കോഴിക്കോട്ടുകാരിയാണ് എന്നതാണ് അതിന് പിന്നിലെ രഹസ്യം. പിതാവ് കുവൈത്തിയും. ഇതാദ്യമായല്ല മറിയത്തിന്റെ മലയാളം കുവൈത്ത് ചാനലിലൂടെ കേള്‍ക്കുന്നതും.
കുവൈത്ത് ദേശീയ ചാനലിലെ ഹലാ കുവൈത്ത് എന്ന പരിപാടിയില്‍ ആയിരുന്നു മറിയം മലയാളം സംസാരിച്ചത്. ‘അസ്ലാമലൈക്കും, നമസ്‌കാരം… ന്‌റെ പ്രിയപ്പെട്ട എല്ലാ മലയാളികള്‍ക്കും ഹലാ കുവൈത്ത് പ്രോഗ്രാമിലേക്ക് ന്‌റെ സ്വാഗതം’ എന്ന് പറഞ്ഞുകൊണ്ടാണ് മറിയം തുടങ്ങിയത്. പിന്നീടങ്ങോട്ട് ചറപറ മലയാളം തന്നെ ആയിരുന്നു.
ഇതി ബല്യൊരു ചാന്‍സാണ് ഞമ്മക്ക് കിട്ടിയത്. കുവൈത്തിലെ നാഷണല്‍ ചാനലില്‍ കൊറോണ വൈറസിന്റെ വാര്‍ത്തകളും ഗവണ്‍മെന്റിന്റെ വിവരങ്ങളും ഒക്കെ പറയാന്‍ കിട്ടിയ വല്യ ഒരു ചാന്‍സാണ്- മറിയം തുടരുന്നു.
ഞമ്മളെ ഈ ചാന്‍സ്, ഞമ്മക്ക് മാത്രം വേണ്ടീട്ടല്ല മ്മള് ഉപയോഗിക്യേണ്ട്യേത്. ഞമ്മളെ ചുറ്റുകൂട്ടത്തില് വേറെ ആരേങ്കിലും- മലയാളം സംസാരിക്കാത്ത വേറെ ആരേങ്കിലും ണ്ടെങ്കില്, അവര്ക്ക് ഈ ഇന്‍സ്ട്രക്ഷന്‍ ട്രാന്‍സ്ലേറ്റ് ചെയ്ത് കൊടുക്കണം ന്നൊരു റിക്വസ്റ്റ് ണ്ട് ന്റെടുത്തുന്നും! അപ്പോ, ഇത് മാത്രാണ് നിക്ക് പറയാന്ള്ളത്, ഫസ്റ്റില്- പിന്നെയങ്ങോട്ട് മലയാളത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് മറിയം.
കുവൈത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ മറിയം മലയാളത്തില്‍ തന്നെ പറയുന്നുണ്ട്. രോഗം സ്ഥിരീകരിച്ചരില്‍ തന്നെ കുറച്ച് പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് നേടിയിട്ടുണ്ട് എന്നും നാല് പേര്‍ ഇപ്പോഴും ഐസിയുവില്‍ ചികിത്സയില്‍ ആണെന്നും മറിയം പറയുന്നു.
സ്ഥിതിഗതികള്‍ വിശദീകരിക്കുന്നതിനിടെ ആളുകള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും മറിയം പറയുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഫുഡിനെ പറ്റി ആരും ബേജാറടിക്കണ്ട എന്നാണ് മറിയം പറയുന്നത്. ആറ് മാസം വരെ മുന്നോട്ട് പോകാനുള്ള ഭക്ഷണം ഇവിടത്തെ സ്‌റ്റോജില്‍ ഉണ്ട്. സര്‍ക്കാര്‍ അത് ഉറപ്പാക്കിയിട്ടുണ്ട് എന്നും മറിയം ഉറപ്പ് നല്‍കുന്നുണ്ട്. 90 കളിലെ യുദ്ധകാലത്ത് എങ്ങനെയാണ് സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ നേരിട്ടത് എന്നും വിശദീകരിക്കുന്നു.
എന്തൊക്കെ മുന്‍കരുതലുകള്‍ വേണമെന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും ഒക്കെ വ്യക്തമായി പറഞ്ഞാണ് പരിപാടി മറിയം അവസാനിപ്പിക്കുന്നത്. 6 മിനിട്ട് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതായിരുന്നു പരിപാടി. മറിയത്തിന്റെ ഉമ്മ തനി കോഴിക്കോട്ടുകാരിയാണ്. കോഴിക്കോട് പന്നിയങ്കര സ്വദേശി ആയിഷ. പിതാവ് അബ്ദുള്ള അല്‍ ഗബന്ദി കുവൈത്തിയും. പിതാവ് മരിച്ചിട്ട് ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല