
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ആറ് പേര്‍ കാസര്‍കോടുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 37 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 56 പേരെ ഇന്ന് ആശുപത്രികളിലും 13,632 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 5570 പേരെയാണ് ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 3436 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2393 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കാസര്‍കോട് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ രോഗിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് പേര്‍ ദുബായിയില്‍ നിന്നും വന്നവരാണ്. രണ്ട് പേരുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച അഞ്ച് പേരും ബ്രിട്ടീഷ് വിനോദസഞ്ചാരികളാണ്. പാലക്കാട് സ്വദേശി യു.കെയില്‍ നിന്നും വന്നതാണ്. ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്.
കാസർഗോഡ് ഒരാഴ്ചത്തേക്ക് സർക്കാർ ഓഫീസുകൾ അടച്ചിടും. ആരാധനാലയങ്ങൾ രണ്ടാവ്ചത്തേക്കും അടച്ചിടണം. ക്ലബ്ബുകളും കളികളും പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച വീടുകൾ വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച കെഎസ്ആർടിസിയും മെട്രയും ഉൾപ്പടെ പൊതു ഗതാഗതം സർവീസ് നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലും ഗുരുവായൂരിലും തീര്‍ത്ഥാടകര്‍ക്ക് വിലക്ക്. ശബരിമലയിലെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ദേവസ്വം ബോര്ഡിനോടും ജില്ലാ ഭരണകൂടത്തിനോടും പൊലീസ് മേധാവിയോടുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രില്‍ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതല്ല.
ഗുരുവായൂരിലും തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. നാളെ മുതല്‍ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ മാത്രം 9 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 235 പേര്‍ പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റിലും 501 പേര്‍ സെക്കണ്ടറി കോണ്‍ടാക്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍(നാളെ ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം ഇളവുകള്‍ നല്‍കിയിരുന്നു. ഇതിനു സമാനമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും കൈക്കൊണ്ടിരിക്കുന്നത്. ഇതിന്‍പ്രകാരം മാര്‍ച്ച് 31വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായിരിക്കും. അതായത് ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയില്ല.
സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ സാഹചര്യം ഗുരുതരമെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്നും ആവർത്തിച്ച് വ്യക്തമാക്കി. ഈ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നിലവിലുള്ള സ്ഥിതിയെ കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെ കാണുന്നുവെന്നതിനുള്ള സൂചനയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കാന്‍ തയ്യാറായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാര്‍ച്ച് 22ന്റെ ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. മെട്രോ അടക്കമുള്ള സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകും. അന്ന് വീടുകളിലെ പരിസരം പൂര്‍ണമായും ശുചീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്ന് പങ്കെടുത്തിരുന്നു. കേരള സര്‍ക്കാര്‍ കോവിഡ് ബാധയെ ചെറുക്കാന്‍ സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വായ്പാപരിധി ഉയര്‍ത്തുക, തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കുക, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള വരുമാനം വര്‍ധിപ്പിക്കുക, ഭക്ഷ്യധാന്യങ്ങളുടെ സബ്‌സിഡി, തുടങ്ങി നിരവധി ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല