1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിക്കും.

ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.

നേരത്തെ തന്നെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവരും ഈ തീരുമാനത്തിലേക്ക് വന്നു. അതിന് ശേഷമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനവും പിടിക്കാന്‍ തീരുമാനമായിരിക്കുന്നത്.

പ്രധാനപ്പെട്ട മറ്റൊരു കാര്യം അടുത്ത രണ്ടുവര്‍ഷത്തേക്ക് എം.പി ഫണ്ട് പൂര്‍ണമായും നിര്‍ത്താനുള്ള തീരുമാനമാണ്. ഇത് ഏകദേശം 7900 കോടി രൂപയോളം വരും എന്നാണ് അറിയുന്നത്. ഇത്രയും തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

എംപി ഫണ്ട് തടഞ്ഞുവെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് നിലവില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിക്കും മറ്റും എംപി ഫണ്ട് ഉപയോഗപ്പെടുത്താന്‍ തയ്യാറായി ഇരിക്കെയാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.