
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതേ ഉളളൂ. ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരണം എന്ന സാഹചര്യമാണ് രാജ്യത്തുളളത്.
ലോക്ക് ഡൗണ്‍ പിന്‍വിലിക്കുമ്പോള്‍ കേരളത്തിന് മുന്നിലുളള വെല്ലുവിളി കൊവിഡ് മൂന്നാം വരവ് ചെറുക്കുക എന്നതാണ്. ലോക്ക് ഡൗണിന് ശേഷം നിരവധി പ്രവാസികള്‍ നാട്ടിലേക്ക് തിരികെയെത്തും എന്നാണ് കണക്കൂകൂട്ടപ്പെടുന്നത്. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന ഭൂരിപക്ഷവും വിദേശത്ത് നിന്ന് വന്നവരാണ് എന്നിരിക്കെ പ്രവാസികളുടെ ഒഴുക്ക് ആശങ്കയുയര്‍ത്തുന്നതാണ്.
വിദേശത്ത് നിന്നും വീണ്ടും കൊവിഡ് എത്തുന്നത് തടയാന്‍ ശക്തമായ ഡിജിറ്റല്‍ പ്രതിരോധമൊരുക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. ഐടി വകുപ്പാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഡിജിറ്റല്‍ പാസ് അനുവദിക്കാനാണ് നീക്കം. ഈ ഡിജിറ്റല്‍ പാസ്സ് കൈവശമുളളവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുളളൂ.
നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ പാസുകള്‍ അനുവദിക്കുക. ഇങ്ങനെ എത്തുന്നവരെ മറ്റുളളവരുമായി ഇടപഴകാന്‍ അനുവദിക്കില്ല. ഇവരെ നേരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുക. കൊവിഡ് രോഗ വിവരങ്ങള്‍ അറിയിക്കാനുളള മൊബൈല്‍ ആപ്പും ഐടി വകുപ്പ് തയ്യാറാക്കുന്നുണ്ട്.
ഈ ആപ് വഴി കൊവിഡുമായി ബന്ധപ്പട്ട പൊതുവായ വിവരങ്ങള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ തത്സമയ വിവരങ്ങളും ലഭ്യമാകും. ടെലി മെഡിന്‍ അടക്കമുളള വൈദ്യസഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും. ഇവ കൂടാതെ രോഗ സാധ്യതയുളളവരുടെ മാപ്പിങ്ങും തയ്യാറാക്കും. റേഷന്‍ കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഐടി മിഷന് വേണ്ടി സ്പ്രിംക്ലര്‍ എന്ന കമ്പനിയാണ് ഈ ഡിജിറ്റല്‍ പ്രതിരോധത്തിന് വേണ്ട സംവിധാനങ്ങളൊരുക്കുന്നത്.
ലോക്ക് ഡൗണ്‍ ഈ മാസം അവസാനിച്ചാലും പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. മെയ് വരെ പ്രവാസികള്‍ നാട്ടിലെത്താന്‍ കാത്തിരിക്കേണ്ടി വരും എന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം എല്ലാവരേയും ഒരുമിച്ച് നാട്ടിലേക്ക് എത്തിച്ചാല്‍ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദേശത്തെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രവാസി മലയാളികളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാവും മുന്‍ഗണന നല്‍കുക. വിദേശത്ത് സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെ എംബസി വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.
ആവശ്യം വരികയാണ് എങ്കില്‍ പ്രവാസികള്‍ക്കുളള മരുന്ന് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകാനുളള സൗകര്യമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഫിലിപ്പൈന്‍സ്, മാള്‍ഡോവ പോലുളള സ്ഥലങ്ങളില്‍ പ്രവാസികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ വിമാന സൗകര്യമൊരുക്കാന്‍ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജ് അടക്കമുളളവരുടെ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ത്ഥികളുടെ സംഘവും ആവശ്യപ്പെട്ടിരുന്നു. നാട്ടിലെ സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇവരെ അടക്കം വേഗത്തില്‍ തിരികെ എത്തിക്കുമെന്നും വി മുരളീധരന്‍ അറിയിച്ചു. യുഎഇയില്‍ 539000 പേരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. അതില്‍ 2000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല