
സ്വന്തം ലേഖകൻ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടതായി രാജ്യത്തെ ഔദ്യോഗിക മാധ്യമം. മെയ് ദിന ആഘോഷ പരിപാടിയുടെ ഭാഗമായി പൊതു പരിപാടിയില്‍ പങ്കെടുത്തതായാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്.
കിം ഉത്തരകൊറിയയിലെ പുതിയ വളം ഫാക്ടറി ഉന്‍ ഉദ്ഘാടനം ചെയ്തതായും കൊറിയന്‍ കേന്ദ്ര ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ടു ചെയ്തു.
കിം ജോങ് ഉന്‍ പരിപാടിക്ക് പങ്കെടുക്കുന്ന ഒരു ചിത്രവും കെ.സി.എന്‍.എ പുറത്തു വിട്ടിരുന്നു. കിം ചുവന്ന നാട മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പുറത്തു വിട്ടത്. ചിത്രത്തില്‍ സഹോദരി കിം യോങ് ജോങ് സമീപത്ത് നില്‍ക്കുന്നതും കാണാം.
ഏപ്രില്‍ 15ന് കിം ജോങ് ഉന്‍ മുടങ്ങാതെ പങ്കെടുത്തിരുന്ന മുത്തച്ഛന്റെ ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയിലെ അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് ലോക ശ്രദ്ധ തിരിച്ചത്. 2011 മുതല്‍ അദ്ദേഹം ഒരു തവണ പോലും ഈ ചടങ്ങില്‍ പങ്കെടുക്കാതിരുന്നിട്ടില്ല എന്നത് സംശയങ്ങള്‍ക്ക് ബലം നല്‍കി.
കിം തിരിച്ചുവരുമെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. അതേസമയം കിം മെയ്ദിനത്തില്‍ പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്തയോട് ട്രംപ് പ്രതികരിച്ചില്ല.
ഏപ്രില്‍ 11ലെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത ശേഷം കിം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടന്നുവെന്നും അതിന് ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കിം ജോങ് ഉന്‍ മരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നന്നും അദ്ദേഹം ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്നും ദക്ഷിണ കൊറിയ ഔദ്യോഗികമായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല