1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: പാലക്കാട് ജില്ലയില്‍ ചരിഞ്ഞ ഗര്‍ഭിണിയായ ആന വായില്‍ സ്‌ഫോടക വസ്തുപൊട്ടി ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ രൂക്ഷമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പിഎഫ്എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. https://www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ എന്നീ വെബ്‌സൈറ്റുകളാണ്‌ ഹാക്ക് ചെയ്തത്.

ആനയുടെ വിധിയില്‍ അതീവ ദുഃഖമുണ്ട്. ആന ചരിഞ്ഞ സംഭവത്തില്‍ അത് പാലക്കാടാണ് എന്നു വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചരണം അത്ര നിഷ്‌കളങ്കമായ പ്രതികരണമായി കാണാന്‍ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കള്‍ ഈ ഒരു വിഷയത്തെ വര്‍ഗീയവല്‍ക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. എന്ന് കേരള സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ വായില്‍ സ്‌ഫോടക വസ്തു പൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മനേകാ ഗാന്ധി രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.

സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേകാഗാന്ധി പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതകള്‍ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മനേക പറഞ്ഞു. ട്വിറ്ററിലും വാര്‍ത്താ ഏജന്‍സി നല്‍കിയ പ്രസ്താവനയിലുമായിരുന്നു മനേകയുടെ ആരോപണങ്ങള്‍.

പ്രസ്താവനകള്‍ക്ക് പിന്നില്‍ മൃഗസ്‌നേഹം തന്നെ ആണോ എന്ന് സംശയിക്കുന്നതായി കേരള സൈബര്‍ വാരിയേഴ്‌സ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കണം എന്നും കേരള സൈബര്‍ വാരിയേഴ്‌സ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.