1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ പനിയടക്കമുള്ള പ്രധാന‌ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായുള്ളവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. 31 ക്ലിനിക്കുകളാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാന നഗരങ്ങളില്‍ തുടങ്ങിയത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്ലിനിക്കുകള്‍. തതമന്‍ എന്ന പേരിലറിയപ്പെടുന്ന ക്ലിനിക്കുകള്‍ റിയാദ്, ജിദ്ദ, മക്ക, മദീന, അല്‍ഹസ, അല്‍‌ ഖസീം എന്നിവിടങ്ങളിലാണ് തുറന്നിരിക്കുന്നത്. ബാക്കിയുള്ള ഇടങ്ങളിലേക്കും ക്ലിനിക്കുകള്‍ വരും ദിനങ്ങളില്‍ വ്യാപിപ്പിക്കും.

പനിയടക്കമുള്ള പ്രധാന ലക്ഷണങ്ങളുള്ളവര്‍ക്കേ ആദ്യ ഘട്ടത്തില്‍ പ്രവേശനം നല്‍കുന്നുള്ളൂ. ഇവര്‍ക്ക് കൊവിഡ് ടെസ്റ്റുകളും ആവശ്യമായ ആരോഗ്യ നിര്‍ദേശങ്ങളും നല്‍കും. നിലവില്‍, ഗുരുതര പ്രയാസങ്ങളുള്ളവരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയടക്കമുള്ള കോവിഡിന്‍റെ സാധാരണ ലക്ഷണങ്ങള്‍ ഉള്ളവരോട്, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി താമസ സ്ഥലത്ത് തുടരാനാണ് നിര്‍ദേശിക്കുന്നത്. സൌദിയില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ വാഹനത്തിലിരുന്നുള്ള കൊവിഡ് ടെസ്റ്റുകളും വ്യാപകമാക്കിയിട്ടുണ്ട്. 24 മണിക്കൂറില്‍ കാല്‍ ലക്ഷത്തോളം ടെസ്റ്റുകളാണ് ഇപ്പോള്‍ നടത്തുന്നത്.

കൊവിഡ് പ്രതിരോധത്തിനും മുന്‍കരുതലിനുമായി ഖത്തര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് കൂടി ലഭ്യമാക്കി വിപുലീകരിച്ചു. നിലവില്‍ ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് മാത്രമാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാണെന്ന നിയമം വരികയും ആപ്പില്‍ കൊവിഡ് നെഗറ്റീവ്(പച്ച ബാര്‍കോഡ്) കാണിക്കുന്നവരെ മാത്രമേ പ്രവേശനാനുമതിയുള്ളൂവെന്ന് രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും തീരുമാനമെടുക്കുകയും ചെയ്തതോടെ സന്ദര്‍ശക വിസയിലുള്ളവര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പ് വിപുലീകരിച്ചത്.

നിലവില്‍ പുതുതായി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ QID REGISTRATION, VISA REGISTRATION എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ VISA REGISTRATION തെരഞ്ഞെടുത്താണ് സന്ദര്‍ശക വിസയിലുള്ളവര്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കേണ്ടത്. നിലവില്‍ ആന്‍ഡ്രോഡിയ് ഫോണുകളിലെ പ്ലേ സ്റ്റോറില്‍ പുതിയ വേര്‍ഷന്‍ ലഭ്യമാണ്. ഐ ഫോണില്‍ ഉടന്‍ ലഭ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.