1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2020

സ്വന്തം ലേഖകൻ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിന് അടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 258,090 ആയി. രണ്ടര ലക്ഷം കേസുകളിൽ 1,25,381 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,24,094 രോഗികളെ ഡിസ്ചാർജ് ചെയ്തു.

മരണസംഖ്യ 7,000 കടന്ന് 7,210 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇപ്പോൾ ചൈനയേക്കാൾ കൂടുതൽ രോഗികളുണ്ട്. ചൈനയിൽ 84,191 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ മഹാരാഷ്ട്രയിൽ 85,975 കേസുകൾ ഇതോടകം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,007 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ബാധിരുടെ എണ്ണത്തിൽ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 31667 രോഗികളുള്ള സംസ്ഥാനത്ത്, മരണം 269 ആയി. 16,999 പേര്‍ ഇതുവരെ രോഗമുക്തരായി.

ഡല്‍ഹിയിൽ രോഗബാധിതരുടെ എണ്ണം 27,654 ആയി. ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് രോഗംബാധിച്ചതില്‍ 240 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 10,536. മരണം 275. രോഗം ഭേദമായവര്‍ 6,185. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.

സ്‌കൂളുകളും കോളേജുകളും തുറക്കുക ഓഗസ്റ്റ് 15 നു ശേഷം

സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 നു ശേഷം തുറന്നേക്കുമെന്ന സൂചന നൽകി കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റിൽ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാണ് സാധ്യത. കൂടുതലും ഓഗസ്റ്റ് 15 നു ശേഷമാകാനാണ് സാധ്യതയെന്നും മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.

ഓഗസ്റ്റിനു ശേഷം മാത്രമായിരിക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക എന്നും അദ്ദേഹം ആവർത്തിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകൾ ജൂലായ് ഒന്നിനു തന്നെ ആരംഭിക്കും. വീണ്ടും തുറന്നു പ്രവർത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗനിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എൽസി ഫലം

എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ എസ്എസ്എൽസി മൂല്യനിർണയം അവസാനിക്കാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് എസ്എസ്എൽസി രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചത്. പല മൂല്യനിർണയ ക്യാംപുകളിലും അധ്യാപകർ കുറവാണ്. അതിനാൽ തന്നെ പതുക്കെയാണ് മൂല്യനിർണയം മുന്നോട്ടു പോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.