1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമവനിത മെലനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും തിരഞ്ഞെടുപ്പ് മാമാങ്കത്തിന് പൊടിക്കുന്നത് റെക്കോർഡ് തുക. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ഒപ്പം നടക്കുന്ന ഹൗസ്, സെനറ്റ് തിരഞ്ഞെടുപ്പുകള്‍ക്കുമായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ചെലവഴിക്കുന്നതു ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുക.

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം കൂടി ആകെ ചെലവ് 1,100 കോടി ഡോളറിനോടടുത്തുവരുമെന്ന കണക്കുകള്‍ പുറത്തുവിട്ടത് ഗവേഷണ ഏജന്‍സിയായ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ പൊളിറ്റിക്സാണ്. 1,080 കോടി ഡോളറാണ് ആകെ ചെലവായി കണക്കുകൂട്ടുന്നത്.‌‌

2016ലെ തിരഞ്ഞെടുപ്പില്‍ പൊടിച്ച തുകയെക്കാള്‍ 50 ശതമാനത്തിലേറെ കൂടുതലായിരിക്കും ഇത്തവണത്തേതെന്നും യുഎസിലെ തിരഞ്ഞെടുപ്പുകളുടെ സാമ്പത്തിക അടിയൊഴുക്കള്‍ അവലോകനം ചെയ്യുന്ന സെന്റർ ഫോര്‍ റെസ്പോണ്‍സിബിള്‍ പൊളിറ്റിക്സ് ചൂണ്ടിക്കാട്ടുന്നു. 2016ലെ തിരഞ്ഞെടുപ്പിന്റെ ആകെ ചെലവ് 650 കോടി ഡോളറായിരുന്നു. 2012 ല്‍ 630 കോടി ഡോളര്‍, 2008 ല്‍ 530 കോടിയാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒഴുകിയെത്തിയത്.

കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നവരുടെ ജൂലൈ-സെപ്റ്റംബര്‍ പ്രചാരണച്ചെലവുകളുടെ കണക്ക് ഒക്ടോബര്‍ പകുതിയോടെ പുറത്തുവരുന്നതോടെ പൂര്‍ണചിത്രം ലഭിക്കും. പണച്ചെലവിന്റെ പൂര്‍വമാതൃകള്‍ സൂക്ഷ്മമായി പഠിച്ചാണ് അന്തിമകണക്കുകള്‍ സെന്‌റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ പൊളിറ്റിക്സ് തയാറാക്കിയത്.

ഒഹായോയില്‍ ആദ്യ പ്രസിഡൻഷ്യൽ സംവാദം നടക്കുമ്പോള്‍ ഒരു കോടിയോളം ഡോളര്‍ ബൈഡന്റെ പ്രചാരണ ഫണ്ടിലേക്ക് സംഭാവനയായെത്തി. ഇനിയങ്ങോട്ട് ഒരു ഡോളര്‍ പോലും ചെലവഴിച്ചില്ലെങ്കിലും യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണിതെന്ന് സെന്റർ ഫോര്‍ റെസ്പോണ്‍സിബിള്‍ പൊളിറ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെയ്ല ക്രംഹോള്‍സ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.