1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2020

സ്വന്തം ലേഖകൻ: കൊവിഡ് വാക്സിന്‍ തയ്യാറായെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവില്‍ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വാക്സിന്‍ മുതിര്‍ന്നവര്‍ക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.

എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് ഫൈസര്‍ വക്താവ് അറിയിച്ചു. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്.ഇക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ക്ക് വലിയ പാര്‍ശ്വഫലങ്ങൾ ഒന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ പറഞ്ഞു.

65 വയസ്സിനു മുകളിലുള്ളവരിലും വാക്‌സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു. പരീക്ഷണത്തില്‍ പങ്കാളികളായ 43,000 വോളന്റിയര്‍മാരില്‍ 170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ക്കും വാക്സിനെന്ന പേരില്‍ മറ്റുവസ്തുവാണ് നല്‍കിയത്.

വാക്സിനെടുത്ത എട്ടുപേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. വാക്സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസര്‍ പറയുന്നു. അടിയന്തര ആവശ്യത്തിന് വാക്സിന്‍ ഉപയോഗിക്കുന്നതിന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ് എഫ്ഡിഎ) മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളില്‍ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങള്‍ക്കകം യു.എസ് എഫ്.ഡി.എക്ക് സമര്‍പ്പിക്കാനാണ് ഫൈസറിന്റെ നീക്കം.

വാക്സിന്‍ നിര്‍മിക്കുമ്പോള്‍ പുലര്‍ത്തുന്ന ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതര്‍ക്ക് കൈമാറും. അതിനിടെ ഫൈസര്‍ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വാക്സിന്‍ മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കുകയും വിതരണത്തിനായി കൊണ്ടുപോകുകയും ചെയ്യണമെന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ എല്ലാ സാധ്യതകളും ആരായുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുള്ളത്.

ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ മുതിര്‍ന്നവരിലും മികച്ച രോഗപ്രതിരോധം ഉളവാക്കുന്നതായി സ്ഥിരീകരണം. ആഴ്ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലിലൂടെ പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പരീക്ഷണാത്മക ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്ന് കാണിക്കുന്നു.

മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്‌സിന് ഒപ്പമെത്താന്‍ ആസ്ട്ര-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കഴിയുമോ എന്ന് കാണിക്കുന്ന അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ ഗവേഷകര്‍ ഇപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്‌സ്ഫഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസ്സിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.