
സ്വന്തം ലേഖകൻ: യാത്രക്കാർക്ക് കീ ചെയിൻ ആയി കൊണ്ടുനടക്കാവുന്ന ചെറിയ നോൽ കാർഡ് (നോൽ മിനി) ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ജൈടെക്സ് 2020 ൽ പുറത്തിറക്കും. ഇന്നു മുതൽ പത്തുവരെയാണ് ജൈടെക്സ്. കീ ഹോൾഡറിൽ സൂക്ഷിക്കാവുന്നത്ര ചെറിയ പ്ലാസ്റ്റിക് നോൽ കാർഡാണ് നോൽ മിനി.
നിർമിത ബുദ്ധിയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള ആർടിഎയുടെ മുന്നേറ്റം വ്യക്തമാക്കുന്ന രീതിയിലാവും ജൈടെക്സ് പ്രദർശനത്തിൽ പങ്കെടുക്കുകയെന്നും അധികൃതർ അറിയിച്ചു. ടാക്സികളിൽ നിർമിത ബുദ്ധി ഉപയോഗിച്ച രീതി, ഉപയോക്താക്കളെ സർവീസ് പോയിന്റുകളിലേക്ക് നയിച്ച ഓഗ്മെന്റഡ് റിയാലിറ്റി, ദുബായ് മെട്രോ ടണലുകളുടെ പരിശോധനയ്ക്ക് ഡ്രോണുകൾ ഉപയോഗിക്കുന്ന രീതി തുടങ്ങിയവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായിയെ ലോകത്തെ ഏറ്റവും ആധുനിക സ്മാർട് നഗരമാക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയതെന്ന് ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ മുഹമ്മദ് അൽ തായർ പറഞ്ഞു.
ടാക്സി ഡ്രൈവർമാർ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളിൽ വീഴ്ച വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ നിർമിത ബുദ്ധിയും ബിഗ്ഡേറ്റാ സംവിധാനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു റൂട്ടിൽ തിരക്ക് ഏറെയാണെങ്കിൽ അവിടെ ബസ് അയയ്ക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല