1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2020

സ്വന്തം ലേഖകൻ: കലിഫോർണിയയിൽ ഐസിയു കിടക്കകൾക്ക് ക്ഷാമം രൂക്ഷമാകുന്നു. 1000 ആളുകള്‍ക്ക് 1.8 കിടക്കകള്‍ മാത്രമാണ് ഇവിടെയുള്ളത്. കൊറോണ വൈറസ് കേസുകളുടെ റെക്കോര്‍ഡ് തകര്‍ത്ത സംസ്ഥാനം തീവ്രപരിചരണ വിഭാഗത്തിന്റെ ശേഷിയും ഇല്ലാതാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് കലിഫോര്‍ണിയ. 19,436,907 രോഗികളാണ് അമേരിക്കയിലാകെ ഉള്ളത്.

ഇതില്‍, സംസ്ഥാനത്ത് മാത്രം 2,124,399 രോഗികളുണ്ട്. ഇവിടെ ഇതുവരെ 24,218 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. കണക്കുകള്‍ നോക്കിയാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്താണ്. പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തില്‍ മരണഭൂമിയായി മാറിയ ന്യൂയോര്‍ക്കാണ് ഇപ്പോഴും മുന്നില്‍. ഇവിടെ 367,232 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്ത് ടെക്‌സസാണ്, ഇവിടെ 217129 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമായി മാറിയതോടെ കലിഫോര്‍ണിയയില്‍ സ്ഥിതി അതീവരൂക്ഷമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശമായ സതേണ്‍ കലിഫോര്‍ണിയയ്ക്കും മധ്യമേഖലയായ സാന്‍ ജോക്വിന്‍ വാലിയിലും ഐസിയു ശേഷി ഏതാണ്ട് പൂർണമായും നിറഞ്ഞു കഴിഞ്ഞു.

ഡിസംബര്‍ 28 വരെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് കലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ശനിയാഴ്ച അറിയിച്ചു. ബേ ഏരിയ മേഖലയിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ക്ക് 11.3 ശതമാനം ശേഷിയും ഗ്രേറ്റര്‍ സാക്രമെന്റോ മേഖലയ്ക്ക് 16.9 ശതമാനം ശേഷിയുമുണ്ട്. എന്നാല്‍ പുതുവര്‍ഷമെത്തുന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കുമെന്നാണ് സൂചന. വാക്‌സീനേഷന്‍ തുടങ്ങിയ സാഹചര്യത്തിലും സംസ്ഥാനത്ത് കര്‍ശനമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരത്തിലധികം പേർ കൊവിഡ് 19 ബാധിച്ചു മരിച്ചതോടെ ഫ്ലോറിഡയിൽ 2020 ഡിസംബർ 26 ശനിയാഴ്ച വരെ മരിച്ചവരുടെ എണ്ണം 21,000 കവിഞ്ഞതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഇതുവരെ ഫ്ലോറിഡാ സംസ്ഥാനത്തെ സ്ഥിരം താമസക്കാരല്ലാത്ത 302 പേർ ഉൾപ്പെടെ 21135 പേരാണ് മരിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ എണ്ണം 5647 ആണ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെയുള്ള കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 1264588 ആണ്. ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ച വ്യാഴാഴ്ച മുതൽ ശനി വരെ 17042 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നവംബർ 25 മുതൽ ഡിസംബർ 26 വരെ 15.8 ശതമാനം രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ അനുസരിച്ച് ഫ്ലോറിഡ അമേരിക്കയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള നാലാമത്തെ സംസ്ഥാനമാണ് ന്യൂയോർക്ക്, ടെക്സസ്, കലിഫോർണിയ എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങൾ.

കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം വൈകി പ്രസിഡണ്ട് ട്രംപ് 900 ബില്ല്യണ്‍ കൊവിഡ് 19 ദുരിതാശ്വാസ ബില്ലുകളില്‍ ഒപ്പിട്ടു. എല്ലാ വശങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് ട്രംപ് ബില്ല് പാസാക്കിയത്. കൊവിഡ് 19 മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇത്തവണ വര്‍ധിപ്പിച്ചതായി വൈറ്റ്ഹൗസ് പറഞ്ഞു. കൊവിഡ് 19 ബാധിച്ചവര്‍ക്ക് വളരെ പെട്ടന്ന് ചികിത്സ നല്‍കാനും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുമുള്ള പദ്ധതിയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ദുരിതാശ്വാസ ബില്ലുകളുമായി ബന്ധപ്പെട്ട് നല്ലൊരു വാര്‍ത്തയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും ബില്ലുകള്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് ട്വീറ്റ് ചെയ്തു. ക്രിസ്തുമസ് ദിനങ്ങളില്‍ റിസോര്‍ട്ടില്‍ ഗോള്‍ഫ് കളിച്ച് സമയം ചിലവഴിച്ചിരുന്ന ട്രംപിനോട് എത്രയും പെട്ടെന്ന് ബില്ലുകളില്‍ ഒപ്പിടാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലാണ് മാറ്റങ്ങള്‍ വരുത്തി ട്രംപ് ഒപ്പിട്ടത്. അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ സഹായകമാവുന്ന രീതിയിലും അവരെ കൂടുതല്‍ സാമ്പത്തികമായി സഹായിക്കുന്ന തരത്തിലുമാണ് ബില്ലുകള്‍ ഉണ്ടാവേണ്ടതെന്ന് കോണ്‍ഗ്രസിനോട് പറഞ്ഞുവെന്ന് ബില്ലുകള്‍ ഒപ്പിട്ടതിന് ശേഷം ട്രംപ് പറഞ്ഞു. കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലുകളിലെ അനാവശ്യ ഉടമ്പടികള്‍ താന്‍ എടുത്തു കളയുന്നുവെന്നും ട്രംപ് പറഞ്ഞു.

ബില്ലില്‍ നിന്ന് അനാവശ്യ കാര്യങ്ങളെ ഒഴിവാക്കാനുള്ള ട്രംപിന്റെ തീരുമാനം മികച്ചതാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി ജൂഡ് ഡെറി പറഞ്ഞു. വാക്‌സിന്‍ വിതരണം, വ്യവസായം, സംരക്ഷണം എന്നീ കാര്യങ്ങള്‍ക്കാണ് ബില്ലില്‍ പ്രാധാന്യം നല്‍കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ക്രിസ്തുമസിനും പുതുവര്‍ഷത്തിനും ശേഷം രാജ്യം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോവുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അധികൃതര്‍ ബില്ലില്‍ ഒപ്പിടാനായി ട്രംപിനോട് ആവശ്യപ്പെട്ടത്. ട്രംപ് തന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നതുകൊണ്ടാണ് ഒപ്പ് വെക്കാന്‍ തയ്യാറാകാത്തതെന്ന് നേരത്തേ ബൈഡന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.