
സ്വന്തം ലേഖകൻ: മുന്നറിയിപ്പില്ലാതെ ചില രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ കുരുക്കിലായിപ്പോയവർക്ക് ആശ്വാസം പകർന്ന് യു.എ.ഇയുടെ പുതിയ തീരുമാനം. ടൂറിസ്റ്റ് വീസയിൽ യു.എ.ഇയിലെത്തിയവരുടെ വീസ കാലാവധി ഒരു മാസം അധികം നീട്ടി നൽകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു.
മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതോടെ പല രാജ്യങ്ങളിലെ എയർപോർട്ടുകളും പൂർണമായി പ്രവർത്തനം നിർത്തിവെച്ചു. സ്വന്തം രാജ്യത്തേക്കോ വീടുകളിലേക്കോ തിരികെയെത്താനാവാതെ കുരുക്കിലായിപ്പോയവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് വീസ കാലാവധി നീട്ടി നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.ഉത്തരവ് പ്രകാരം, യു.എ.ഇയിൽ സന്ദർശക വീസയിലുള്ള വിനോദ സഞ്ചാരികളുടെ വീസ ഫീസില്ലാതെ ഒരു മാസത്തേക്ക് നീട്ടിക്കൊടുക്കും.
യാതൊരു സർക്കാർ ഫീസും അടയ്ക്കാതെ ഒരു മാസം രാജ്യത്ത് നിൽക്കാനാണ് ടൂറിസ്റ്റ് വീസക്കാർക്ക് ഇതോടെ അവസരം ലഭിക്കുന്നത്. പുതുവത്സരം ആഘോഷിക്കാൻ യുഎഇയിലെത്തിയ ടൂറിസ്റ്റ് വീസക്കാരെയും കുടുംബത്തെയും സഹായിക്കാനാണ് ഈ ഇളവെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് ടൂറിസ്റ്റുകളുടെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതിൽ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല