
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത് പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരും നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർക്ക് ആശ്വാസമാണ് പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തീരുമാനം നീണ്ടുപോവുമോ എന്നതായിരുന്നു ആശങ്കയുടെ അടിസ്ഥാനം.
സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിെൻറ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിലാണ് കുവൈത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളവും കര, കടൽ അതിർത്തികളും അടക്കാൻ തീരുമാനിച്ചത്. അവധിക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പ്രവാസികളും വിവിധ അത്യാവശ്യങ്ങൾക്ക് ഉൾപ്പെടെ നാട്ടിൽ പോവാനിരുന്നവരുമാണ് പ്രയാസത്തിലായത്.
യു.എ.ഇ, തുർക്കി, ഇത്യോപ്യ, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെ ഇടത്താവളങ്ങളിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്നവരും ആശങ്കയിലായിരുന്നു. എത്രദിവസം അവിടെ തുടരേണ്ടി വരുമെന്ന് ഒരു രൂപവും ഇവർക്ക് ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് യാത്രക്ക് തയാറെടുത്ത് വിമാന ടിക്കറ്റെടുത്ത നിരവധി പേരും പെെട്ടന്ന് വിമാന സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായിരുന്നു.
ഫോൺ കണക്ഷൻ വരെ റദ്ദാക്കി ഇവിടത്തെ ഇടപാടുകളെല്ലാം തീർത്ത് യാത്രക്ക് തയാറായവരും കുടുങ്ങി. മുറി ഒഴിഞ്ഞുകൊടുത്തവരുമുണ്ട്. കുറച്ചുദിവസത്തേക്ക് സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞിരുന്നവർക്ക് ഇനി വരും ദിവസങ്ങളിൽ നാട്ടിലേക്ക് പോവാം. അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടുതലാവാൻ ഇടയുണ്ട്.
അതിനിടെ അവധിക്ക് നാട്ടിൽപോയി തിരിച്ചുവരാൻ കഴിയാതിരുന്ന 600 അധ്യാപകരെ പിരിച്ചുവിടാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്തു. കമ്പ്യൂട്ടർ, ഡെക്കറേഷൻ, ഇസ്ലാമിക് എജുക്കേഷൻ വിഷയങ്ങളിലെ അധ്യാപകർക്കാണ് തൊഴിൽ നഷ്ടമാവുക. പിരിച്ചുവിടേണ്ടവരുടെ പട്ടിക മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇവർക്ക് പകരം തദ്ദേശീയമായി ആളെ നിയമിക്കും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവരെയും പരിഗണിക്കും.
പിരിച്ചുവിടുന്നവരുടെ സർവീസ് ആനുകൂല്യങ്ങൾ നൽകാനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ വഴി ആനുകൂല്യങ്ങൾ ബന്ധപ്പെട്ട അധ്യാപക ജീവനക്കാർക്ക് എത്തിക്കും. അതിനിടെ കുവൈത്തിൽ വീസ കാലാവധി കഴിഞ്ഞ 330 അധ്യാപകരെ രാജ്യത്തേക്ക് വരാൻ അനുവദിക്കും. മാത്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, സംഗീതം, കായികം വിഷയങ്ങളിലെ വിദഗ്ധ അധ്യാപകർക്കാണ് ഇളവ് നൽകുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിച്ച് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും.
രാജ്യത്ത് സ്പെഷലിസ്റ്റ് വിഷയങ്ങളിൽ അധ്യാപക ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇത്തരമൊരു ഇളവിന് നിർബന്ധിതരാവുന്നത്. മറ്റു തൊഴിൽ വീസകളിൽ അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയവർ വീസ കാലാവധി കഴിയുന്നതിന് മുമ്പ്ഏതുവിധേനയും തിരിച്ചുവരേണ്ടതുണ്ട്. ഇപ്പോൾ വിമാനമില്ലാത്തതിനാൽ ആർക്കും വരാൻ കഴിയാത്ത സ്ഥിതിയാണ്.
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വിദേശി അധ്യാപക റിക്രൂട്ട്മെൻറ് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇൗ അധ്യയന വർഷം വിദേശ അധ്യാപകരെ നിയമിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനകത്തുനിന്നുള്ള കരാർ നിയമനങ്ങളിലൂടെ അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ ക്ഷാമം അതിജീവിക്കാനാണ് ശ്രമിക്കുന്നത്.
കുവൈത്തികൾ, ഗൾഫ് രാജ്യക്കാർ, ബിദൂനികൾ, വിദേശികൾ എന്നീ ക്രമത്തിലാണ് കരാർ നിയമനത്തിന് മുൻഗണന. ഇൗജിപ്ത്, തുനീഷ്യ, ജോർഡൻ, ലബനാൻ എന്നിവിടങ്ങളിൽനിന്ന് അധ്യാപകരെ എത്തിക്കാനുള്ള ശ്രമമാണ് തൽക്കാലത്തേക്ക് ഉപേക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല