
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയാനിരിക്കേ വീണ്ടും നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്. 741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേരുകയായിരുന്നു. ഇത് അധികാരം നഷ്ടമായ ട്രംപിന് മറ്റൊരു തിരിച്ചടിയും അപമാനവുമായി.
നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ ബില്ലിന്‍മേല്‍ ട്രംപിനുള്ള വീറ്റോ അധികാരം അസാധുവാക്കാന്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്നത്. സേവന അംഗങ്ങളുടെ ശമ്പളം, വിദേശ സൈനിക പ്രവര്‍ത്തനങ്ങള്‍, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കുന്ന നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് 1967 മുതല്‍ എല്ലാ വര്‍ഷവും കോണ്‍ഗ്രസ് പാസാക്കുന്നതാണ്.
കഴിഞ്ഞയാഴ്ചയാണ് ഈ നിയമത്തിനു മേല്‍ ട്രംപ് പ്രസിഡന്റിന്റെ വീറ്റോ അധികാരം പ്രയോഗിച്ച് ബില്ല് ട്രംപ് മടക്കി അയച്ചത്. പത്ത് സൈനിക താവളത്തിന്റെ പേര് മാറ്റുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു ബില്ലില്‍ പരിഗണിച്ചിരുന്നത്. റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഈ വാരാന്ത്യത്തില്‍ ബില്ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെനറ്റില്‍ ബില്ല് പാസാകുമോയെന്ന് ഉറ്റുനോക്കുകയാണ് അമേരിക്കയിപ്പോള്‍.
ട്രംപ് പ്രസിഡന്റായിരിക്കെ ഒമ്പത് തവണ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്നും ട്രംപിന് കൂട്ടമായി തിരിച്ചടി നേരിടേണ്ടി വരുന്നത്. ബില്ല് ബഹിഷ്‌കരിക്കാനുള്ള ട്രംപിന്റെ അപകടകരമായ നീക്കത്തെ ഒന്നിച്ചു ചെറുത്തതില്‍ സന്തോഷമുണ്ടെന്ന് സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവസാന നിമിഷം നടത്തുന്ന തീക്കളി പ്രസിഡന്റ് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള സഭ കൊറോണ വൈറസ് ദുതിതാശ്വാസ പാക്കേജില്‍ ഒരു വ്യക്തിക്ക് 2000 ഡോളറിന്റെ ധനസഹായം നല്‍കുന്നതിനും അനുകൂലമായി വോട്ട് ചെയ്തു. ഇത് നേരത്തെ ട്രംപ് ആവശ്യപ്പെട്ടതായിരുന്നു. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഈ തീരുമാനം പാസ്സാകുമോ എന്ന് വ്യക്തമല്ല. നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർ ഇതിനെ പരസ്യമായി എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വെർമോണ്ട് സെനറ്റർ ബർണിസാന്റേഴ്സ് ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബില്ല് സെനറ്റിൽ പാസ്സായാൽ 2000 ഡോളർ നേരിട്ട് ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടിലേക്ക് താമസമില്ലാതെ അയക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ടാക്സ് റിട്ടേണിൽ 75000 ത്തിനു താഴെ വരുമാനം കാണിച്ചിരിക്കുന്ന വ്യക്തികൾക്ക് 2000 ഡോളർ ലഭിക്കും. അതോടൊപ്പം കുടുംബവരുമാനം 150000 ത്തിനു താഴെയുള്ളവർക്കും ആനുകൂല്യം പൂർണ്ണമായും ലഭിക്കും. വ്യക്തിഗത വരുമാനം 99000 ത്തിന് കൂടുതലാണെങ്കിലും, കുടുംബവരുമാനം 198000 കൂടുതലാണെങ്കിലും ആനുകൂല്യം ലഭിക്കുകയില്ല.
75000 ത്തിനും 99000 ത്തിനും ഇടയിൽ വരുമാനമുള്ള വ്യക്തിക്കും, 150000ത്തിനും 199000 ത്തിനും ഇടയിൽ വരുമാനമുള്ളവർക്കും ചെറിയ സംഖ്യയും ലഭിക്കും.
ആത്മീയനേതാവായ ദലൈ ലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ടിബറ്റിനുള്ള അവകാശം അടിവരയിടുന്ന ബില്ലിലും ട്രംപ് ഒപ്പിട്ടു. ടിബറ്റിൽ അമേരിക്കൻ കോൺസുലേറ്റ് സ്ഥാപിക്കാനും നിർദേശമുണ്ട്. ചൈനയുടെ ഇടപെടലില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാൻ ടിബറ്റുകാർക്ക് സാഹചര്യമൊരുക്കാൻ രാജ്യാന്തര സഖ്യം രൂപീകരിക്കാനും ടിബറ്റൻ പോളിസി ആൻഡ് സപ്പോർട്ട് ആക്ട് 2020 ൽ ശുപാർശയുണ്ട്. പുതിയ നീക്കം യുഎസ് – ചൈന ബന്ധത്തെ വളരെ മോശമായി ബാധിക്കുമെന്നു ചൈനീസ് സർക്കാർ പ്രതികരിച്ചു.
ഗാന്ധി– കിങ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ഉൾപ്പെടെ വിപുല പദ്ധതികൾക്കും ട്രംപ് അംഗീകാരം നൽകി. കിങ്ങിന്റെ അടുത്ത അനുയായിയും ജനപ്രതിനിധി സഭാംഗവുമായിരുന്ന ഈയിടെ അന്തരിച്ച ജോൺ ലൂയിസിന്റെ സ്വപ്നപദ്ധതിക്കാണ് അനുമതി ലഭിച്ചത്. 2025 വരെ പ്രതിവർഷം 10 ലക്ഷം ഡോളറിന്റെ ‘സ്കോളർലി എക്സ്ചേഞ്ച് ഇനിഷ്യേറ്റിവാ’ണു നിലവിൽ വരിക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റും ഇന്ത്യൻ സർക്കാരുമായി സഹകരിച്ച്, ഗാന്ധി, കിങ് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളിലെയും ഗവേഷകർക്കായി വിദ്യാഭ്യാസ ഫോറം രൂപീകരിക്കും.
2021 ൽ 20 ലക്ഷം ഡോളർ വകയിരുത്തിയ ഗാന്ധി–കിങ് ഗ്ലോബൽ അക്കാദമി, 3 കോടി ഡോളർ ചെലവിട്ടുള്ള യുഎസ്– ഇന്ത്യ ഗാന്ധി–കിങ് ഡവലപ്മെന്റ് ഫൗണ്ടേഷൻ തുടങ്ങിയവയാണു മറ്റു പദ്ധതികൾ. വികസനപ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ സ്വകാര്യമേഖലയ്ക്കു പ്രോത്സാഹനം പകരുകയാണു ഫൗണ്ടേഷന്റെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല