സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി മൊബൈൽ ആപ് വഴി നേരിട്ട് കോൺസുലേറ്റിെൻറ സഹായം അഭ്യർഥിക്കാം. നിയമപ്രശ്നങ്ങൾ, ജോലിസംബന്ധമായ വിഷയങ്ങൾ, രേഖകളുടെ ആവശ്യം തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും വ്യക്തമായ നിർദേശങ്ങളും ലഭിക്കുന്നതിന് ‘പി.ബി.എസ്.കെ ആപ്’ എന്ന പേരിൽ മൊബൈൽ ആപ് പുറത്തിറക്കി.
ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം’ നൽകിവരുന്ന സേവനങ്ങളും ആശയവിനിമയ മാർഗങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയതിെൻറ പുതുരൂപമാണ് ‘പി.ബി.എസ്.കെ’ മൊബൈൽ ആപ്. യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ‘പി.ബി.എസ്.കെ ആപ്’ മൊബൈൽ ആപ് പുറത്തിറക്കി.
ജോലി തേടിയെത്തി ദുരിതത്തിലായ സ്ത്രീകൾ, വിസ, കൗൺസലിങ്, മാര്യേജ് രജിസ്ട്രേഷൻ, തൊഴിലാളി പ്രശ്നങ്ങൾ, പാസ്പോർട്ട്, പരാതികൾ, വിദ്യാഭ്യാസം, ജോബ് ഓഫർ വെരിഫിക്കേഷൻ, ഇ-മൈഗ്രേറ്റ്, മരണ രജിസ്ട്രേഷൻ, മദദ് പോർട്ടൽ തുടങ്ങി 12ൽപരം വിഭാഗങ്ങളിലായി കോൺസുലേറ്റ് നൽകുന്ന സേവനങ്ങൾ വീട്ടിലിരുന്ന് തന്നെ ഒറ്റ ക്ലിക്കിൽ ആപ് വഴി തേടാനാവും.
യുഎഇയിൽ കഴിയുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങൾ, യാത്രസംബന്ധമായ കാര്യങ്ങൾ, വിവിധ പദ്ധതികളുടെയും പ്രവാസി ക്ഷേമ പരിപാടികളുടെയും സമഗ്ര വിവരങ്ങൾ തുടങ്ങി വിദേശരാജ്യത്ത് കഴിയുന്ന എല്ലാ ഇന്ത്യക്കാർക്കും ഏറ്റവും പ്രയോജനപ്രദമാകുന്ന വിവരങ്ങൾ ഉൾപ്പെടുന്നതും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള പ്ലാറ്റ്ഫോമാണ് ഈ ആപ്.
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന യുഎഇയിലെ എല്ലാ ഇന്ത്യക്കാർക്കും ആപ് വഴി കോൺസുലേറ്റിലേക്ക് നേരിട്ട് ബന്ധപ്പെടാം. മുഴുവൻ സമയ സേവനമാണ് പ്രവാസി ഇന്ത്യക്കാർക്ക് ഉറപ്പുനൽകുന്നത്.
തൊഴിൽ തട്ടിപ്പ് തടയാനും ജോലി തേടുന്നവരെ ചൂഷണം ചെയ്യുന്നതിന് അറുതി വരുത്താനും വരെ ആപ്പിൽ സംവിധാനങ്ങളുണ്ട്. ഉദ്യോഗാർഥിക്ക് ലഭിക്കുന്ന ജോബ് ഓഫറുകൾ പരിശോധിക്കാനുള്ള സേവനത്തിലൂടെയാണ് ആപ് ഇതു യാഥാർഥ്യമാക്കുന്നത്.
കോൺസുലേറ്റ് സംഘടിപ്പിക്കുന്ന സൗജന്യ നിയമ, മാനസിക, സാമ്പത്തിക കൗൺസലിങ് സേവനങ്ങൾക്കും ആപ് വഴി അവസരം തേടാനാവും. ആപ്ലിക്കേഷൻ നിലവിൽ ഇംഗ്ലീഷിൽ ലഭ്യമാണെങ്കിലും ഒന്നിലധികം ഇന്ത്യൻ ഭാഷാ ഓപ്ഷനുകൾ ഉടൻ ഉൾപ്പെടുത്താനുള്ള പദ്ധതികളുണ്ട്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലെ വിവിധ ആശയവിനിമയ രീതികൾ ഏകീകരിച്ച പി.ബി.എസ്.കെ ആപ് ഇന്ത്യൻ കമ്യൂണിറ്റിയുമായുള്ള ഇടപഴകൽ വർധിപ്പിക്കാനും ഓരോ പ്രവാസികൾക്കും വിരൽത്തുമ്പിൽ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാനും ഏറെ സഹായകരമാകും. പ്ലേ സ്റ്റോർ, ആപ് സ്റ്റോർ വഴി മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല