
സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാൻ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് ഒരു വിമാനത്തിൽ പരമാവധി 35 പേർ എന്ന നിയന്ത്രണം ഏർപ്പെടുത്തിയത്.
അതുവഴി പ്രതിദിനം 1000 പേർക്ക് മാത്രമാണ് കുവൈത്തിൽ പ്രവേശനം നൽകുന്നത്. അതേസമയം പുതിയ സാഹചര്യത്തിൽ വിമാനത്താവളം അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിലെയും വ്യോമയാന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ വ്യാഴാഴ്ച യോഗം ചേർന്ന് അത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണു സൂചന.
അതിനിടെ വിദേശരാജ്യങ്ങളിൽ പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവൈത്തിൽ എത്തിയവരും കുവൈത്തിലെ പരിശോധനയിൽ പോസിറ്റീവ് ആകുന്നത് ശ്രദ്ധയിൽപെട്ടതായി അധികൃതർ വ്യക്തമാക്കി. വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശയാത്രക്കാരെ അതേ വിമാനത്തില്‍ തന്നെ സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കും.
കൂടാതെ യാത്ര ചെയ്ത വിമാന കമ്പനിക്ക് 500 ദിനാര്‍ വീതം പിഴ ചുമത്തുകയും ചെയ്യാം. വ്യാജ പി.സി.ആര് സര്‍ട്ടിഫിക്കറ്റുമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു അധികൃതര്‍ കടുത്ത നടപടിക്ക് നീങ്ങുന്നത്. യാത്രക്കാരന് കുവൈത്ത് പൗരനാണെങ്കില്‍ ഇവരെ വിമാന താവളത്തില്‍ വെച്ച് വിശദമായ ആരോഗ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
എന്നാല്‍ വിമാന കമ്പനിയെ പിഴ ചുമത്തുന്നതില്‍ നിന്നും ഒഴിവാക്കുന്നതല്ല. വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ സാധുതയുള്ള പി.സി.ആര്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു വ്യവസ്ഥ. കുവൈത്തില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാരും ‘ മുന’ സംവിധാനത്തില്‍ റെജിസ്റ്റര്‍ ചെയ്യണമെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലേയും ലാബറോട്ടറികളുമായി കമ്പ്യൂട്ടര്‍ ശൃംഘല വഴി ബന്ധിപ്പിക്കുന്നതാണു മുന സംവിധാനം. ഇതിനു പുറമേയാണു വ്യാജ പി.സി.ആര്. സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെ മടക്കി അയക്കുന്നതിനുള്ള തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല