1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2021

സ്വന്തം ലേഖകൻ: രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തില്‍ ജോ ഡിമിയോ എന്ന യുവാവിന് നഷ്ടമായത് ജീവിതത്തിന്റെ പുഞ്ചിരിയാണ്. അത്യപൂര്‍വ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഈ ഇരുപത്തിരണ്ടുകാരന് ഇപ്പോള്‍ ചിരിയ്ക്കാം, കണ്ണുകള്‍ ചിമ്മാം കൂടാതെ കൈകളും വിരലുകളും ആയാസമില്ലാതെ ഉപയോഗിക്കാം. കാറപകടത്തില്‍ നഷ്ടമായ മുഖവും കൈകളും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയ്ക്ക് തിരികെ കിട്ടിയത്. ഇത്തരത്തില്‍ നടത്തിയിട്ടുള്ളതില്‍ വിജയകരമായി തീര്‍ന്ന ലോകത്തിലെ ആദ്യശസ്ത്രക്രിയയാണ് ഇതെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.

2018 ജൂലായിലെ ഒരു രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അറിയാതെ മയങ്ങിയതാണ് അപകടത്തിന് കാരണമായത്. കീഴ്‌മേല്‍ മറിഞ്ഞ കാറിലുണ്ടായ സ്ഫാടനത്തില്‍ ശരീരത്തിന്റെ 80 ശതമാനത്തോളമാണ് ജോയ്ക്ക് പൊള്ളലേറ്റത്. കൈവിരലുകളും ചുണ്ടുകളും കണ്‍പോളകളും ജോയ്ക്ക് നഷ്ടമായി. കണ്ണുകളുടെ കാഴ്ചയ്ക്കും മങ്ങലേറ്റതോടെ സാധാരണജീവിതം ജോയ്ക്ക് നഷ്ടമായി.

നാല് മാസത്തോളം പൊള്ളല്‍ ചികിത്സാ വിഭാഗത്തില്‍ കഴിഞ്ഞ ജോ നിരവധി ഗ്രാഫ്റ്റിങ്ങുകള്‍ക്ക് വിധേയനായി, ജീവന്‍ രക്ഷിക്കാന്‍ നിരവധി തവണ രക്തം മാറ്റൽ നടന്നു, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രണ്ടര മാസത്തോളം മെഡിക്കല്‍ കോമയിലും ജോ തുടര്‍ന്നു.

തനിക്കൊരു രണ്ടാം ജന്മം ലഭിച്ചു എന്നുള്ള ഈ ചെറുപ്പക്കാരന്റ പ്രതികരണം ഏറെ പ്രത്യാശാജനകമാണ്. ‘ഇരുളടഞ്ഞ തുരങ്കത്തിനൊടുവില്‍ പ്രകാശം കാണാനാവുമെന്ന കാര്യം തീര്‍ച്ചയാണ് അതിനാല്‍ ഒരിക്കലും പ്രതീക്ഷ കൈവിടാതിരിക്കൂ’ എന്ന് എന്‍വൈയു ലംഗോണ്‍ ഹെല്‍ത്തി(NYU Langone Health, NewYork) ലെ ഡോക്ടര്‍മാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ജോ പ്രതികരിച്ചു.

2020 ഓഗസ്റ്റ് 12 നാണ് സങ്കീര്‍ണമായ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. 96 വിദഗ്ധര്‍ പങ്കുചേര്‍ന്ന ശസ്ത്രക്രിയ 23 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയായത്. ആശുപത്രിയിലെ വദനമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി എഡ്യൂര്‍ഡോ റോഡ്രിഗ്വിസ് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ആത്മവിശ്വാസവും ഉത്സാഹവുമുള്ള രോഗിയാണ് ജോയെന്ന് ഡോക്ടര്‍ എഡ്യൂര്‍ഡോ പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ചത് ജോയുടെ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്ന് വരെ നടന്ന മുഖവും കൈകളും ഒരുമിച്ച് മാറ്റി വെച്ച രണ്ട് ശസ്ത്രക്രിയകളും പരാജയപ്പെട്ടിരുന്നു. ഒരു രോഗി ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധ കാരണം മരിച്ചു. മറ്റെയാളുടെ മാറ്റി വെച്ച കൈകള്‍ പ്രവര്‍ത്തനക്ഷമമാവാത്തതിനെ തുടര്‍ന്ന് പിന്നീട് നീക്കം ചെയ്തിരുന്നു. പൂര്‍ണമായും ചേര്‍ച്ചയുള്ള ദാതാവിനെ ലഭിക്കുന്നതാണ് ഇത്തരം ശസ്ത്രക്രിയകളുടെ വെല്ലുവിളി.

നെറ്റി, പുരികം, ചെവികള്‍, മൂക്ക്, കണ്‍പോളകള്‍, ചുണ്ട്, കവിളുകള്‍, തലയോട്ടി, മൂക്ക്, താടി തുടങ്ങിയ ഭാഗത്തെ അസ്ഥികള്‍ തുടങ്ങി ജോയുടെ മുഖം പൂര്‍ണമായും മാറ്റി വെച്ചു, പിന്നീട് രണ്ട് കൈകളും മാറ്റി വെക്കുകയായിരുന്നു. പതിയെപ്പതിയെ ജോ പുതിയജീവിതത്തിലേക്ക് മടങ്ങി വരാന്‍ തുടങ്ങി. കൈകളുടെ പ്രവര്‍ത്തനം കറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്ന് ഡോക്ടര്‍ എഡ്യൂര്‍ഡോ വ്യക്തമാക്കി.

തനിക്ക് പുതുജീവിതം നല്‍കിയ മെഡിക്കല്‍ സംഘത്തിനും കുടുംബത്തിനും തനിക്ക് മുഖവും കൈകളും നല്‍കിയ അജ്ഞാതദാതാവിന്റെ കുടുംബത്തിനും ജോ നന്ദിയറിയിച്ചു. കുഞ്ഞുങ്ങള്‍ സാധനങ്ങള്‍ ആദ്യമായി പിടിക്കുന്നതു പോലെയാണ് താന്‍ വസ്തുക്കള്‍ പുതിയ കൈകളുപയോഗിച്ച് എടുക്കാന്‍ ശ്രമിക്കുതെന്ന് ജോ പറഞ്ഞു. കുറച്ചുകാലം ഇല്ലാതിരുന്ന കൈകള്‍ വീണ്ടുമുപയോഗിക്കേണ്ടി വരുന്നതിന്റെ ചില പ്രയാസങ്ങളേയുള്ളുവെന്നും അത് താമസിയാതെ മാറുമെന്നും പറഞ്ഞ് ആത്മവിശ്വാസത്തോടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ജോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.