1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെ കർശന നടപടികൾ നടപ്പാക്കണോ എന്നത് പ്രതിരോധ മുൻകരുതൽ നടപടികളോട് പൊതുജനങ്ങളുടെ സമീപനമനുസരിച്ചിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണൽ തലാൽ അൽ ഷൽ‌ഹോബ് പറഞ്ഞു.

ആവശ്യം നേരിടുന്ന പക്ഷം അത്തരം നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രോട്ടോക്കോൾ പാലനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരന്തര നിരീക്ഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 70 ശതമാനം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് മുതൽ സർക്കാരും ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ള അധികാരികളും നിശ്ചയിച്ച ചട്ടങ്ങളും കരുതൽ നടപടികളും അവഗണിക്കുന്നതാണ് കേസുകളുടെ വർധനവിന് ഇടയാക്കുന്നത്. നിയമ ലംഘകർക്കെതിരെ ആവശ്യമായ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും സാമൂഹ മാധ്യമങ്ങൾ വഴി പങ്കിടുന്ന ആർക്കും ഒരു ദശലക്ഷം റിയാൽ വരെ പിഴ ഈടാക്കുമെന്നും നിയമലംഘകർക്ക് ഒന്നു മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകരുതൽ നടപടികളോട് പൊതുജനം സ്വീകരിച്ച സമീപനത്തിന്റെ പ്രശ്‌നമാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമായത്. സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും കൊവിഡ് കൈകാര്യം ചെയ്യുന്നതിനും ഈ നിലയിൽ പുരോഗതി കൈവരിക്കുന്നതിനും പിന്നിൽ കഠിനാധ്വാനമുണ്ടെന്നും രാജ്യത്തിന്റെ വിശാലതക്കനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് എത്താൻ സഹകരണം ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനും ആഴ്ചകളായി വർധിച്ച കേസുകളുടെ 80 ശതമാനവും വിവാഹങ്ങൾ, പൊതുജന സമ്പർക്കം, കുടുംബസംഗമങ്ങൾ, മുൻകരുതൽ നടപടികൾ എടുക്കാതെ പൊതു റെസ്റ്റോറന്റുകളിൽ വരുന്നത് തുടങ്ങിയവയൊക്കെയാണ്. പൊതുജനങ്ങളുടെ ജാഗ്രതയാണ് ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.