1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2021

സ്വന്തം ലേഖകൻ: 2021 ഫെബ്രുവരി പതിനൊന്നിനാണ് കര്‍ണാടക സ്വദേശിയായ രശ്മി സാമന്ത് ഒക്‌സ്‌ഫര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അഞ്ച് ദിവസത്തിന് ശേഷം രശ്മി സാമന്തിന് ആ പദവി വിട്ടൊഴിയേണ്ടി വന്നു. മുന്‍കാല സാമൂഹികമാധ്യമ പോസ്റ്റുകളെ അടിസ്ഥാനമാക്കി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രശ്മിയ്ക്ക് അധ്യക്ഷ സ്ഥാനം വിട്ടൊഴിയേണ്ടി വന്നത്.

രശ്മിയുടെ മുന്‍കാല പോസ്റ്റുകള്‍ ജൂതര്‍ക്കെതിരും വംശീയാധിക്ഷേപം ഉള്‍ക്കൊള്ളുന്നതുമാണ് എന്നാണ് പരക്കെയുണ്ടായ വിമര്‍ശം. എന്നാല്‍ അത്തരത്തിലൊരു ഉദ്ദേശവും തന്റെ പോസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും തന്റെ പോസ്റ്റുകള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നതായും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ രശ്മി പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കാലത്തും പോസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും അതിനെ ചൊല്ലി വിമര്‍ശനമുയര്‍ത്തിയിരുന്നില്ലെന്നും വിജയിയായ ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പോസ്റ്റുകള്‍ തിരഞ്ഞു പിടിച്ച് പ്രതിഷേധിക്കുന്നത് മനഃപൂര്‍വമാണെന്നും രശ്മി പറഞ്ഞു. കൂടാതെ തന്റെ കുടുംബത്തേയും അനാവശ്യമായി സാമൂഹ്യ മാധ്യമ വിചാരണയ്ക്ക് ഇരയാക്കിയതായും രശ്മി കൂട്ടിച്ചേര്‍ത്തു.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാനാരംഭിച്ച സമയത്തും ഇംഗ്ലീഷ് അത്ര വശമില്ലാത്ത കാലത്തും ചേര്‍ത്ത അടിക്കുറിപ്പുകളുടെ പേരില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രശ്മി പറഞ്ഞു. നാസി ഭരണകാലത്ത് കൂട്ടക്കൊലക്കിരയായ ജൂതര്‍ക്ക് വേണ്ടി പണികഴിപ്പിച്ച സ്മാരകത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രത്തിനൊപ്പവും മലേഷ്യയില്‍ നിന്നെടുത്ത ചിത്രത്തിനൊപ്പം ചേര്‍ത്ത അടിക്കുറിപ്പുകള്‍ വംശീയപരമായ പരാമര്‍ശം ഉള്‍ക്കൊള്ളുന്നതാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ രശ്മിയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് വിമർശകരുടെ ആരോപണം.

പ്രശ്നം ഒക്‌സ്‌ഫര്‍ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ കാംപെയ്ന്‍ ഫോര്‍ റേഷ്യല്‍ അവയര്‍നെസ് ആന്‍ഡ് ഇക്വാലിറ്റിയും ഓക്‌സ്‌ഫര്‍ഡ് എല്‍ജിബിടിക്യു കാംപെയ്‌നും ശക്തമായി മുന്നോട്ട് കൊണ്ടുപോയതാണ് രശ്മിയുടെ രാജിയിൽ കലാശിച്ചത്.

ഉഡുപ്പിയാണ് രശ്മിയുടെ സ്വദേശം. കുടുംബത്തിലെ ആദ്യ സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് രശ്മി. തന്റെ അമ്മയ്‌ക്കെതിരെ പോസ്റ്റിടുകയും മതപരമായി അവഹേളിക്കുകയും ചെയ്ത തന്റെ ഒരു അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് രശ്മി ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് താനും കുടുംബവും സാമൂഹികമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടതായും തന്നെ മനസിലാക്കാന്‍ ആരും കൂട്ടാക്കുന്നില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഈ ഇരുപത്തിരണ്ടുകാരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.